സംസ്ഥാനത്തെ അരളിപ്പൂവ് വില്‍പന 70 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ടുകള്‍. തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകള്‍ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചതിന് പിന്നാലെയാണ് വില്‍പനയില്‍ വൻ ഇടിവ് സംഭവിച്ചത്. വീടുകളിലെ ചടങ്ങുകൾക്കും ക്ഷേത്രങ്ങളിലെ വഴിപാടുകൾക്കും അരളി വാങ്ങുന്നത് ആളുകൾ നിർത്തിയതായും റിപ്പോർട്ടുകളുണ്ട്.
പനിനീർ റോസിനാണ് ഇപ്പോള്‍ ആവശ്യക്കാരേറിയിരിക്കുന്നത്. മുൻപ് പലയിടത്തും അരളി വിറ്റിരുന്നതുപോലെ 200 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവ വില്‍ക്കുന്നത്. ആവശ്യക്കാരേറിയതോടെ പനിനീർ റോസും തെച്ചിയും അടക്കമുള്ളവയ്ക്ക് വില കൂടിയിട്ടുണ്ട്.
മുൻപ് 70 -120 രൂപയില്‍ വിറ്റിരുന്ന പനിനീർ റോസിന് ഇപ്പോൾ 200 രൂപവരെ ഉയർന്നിട്ടുണ്ട്. അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രൻ മരിച്ചതെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെയാണ് തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകള്‍ അർച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചത്. സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു. അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് പശുവും കിടാവും ചത്തിരുന്നു.
Read More: ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ