മലപ്പുറം: തുടർച്ചയായി നിലവാരമില്ലാത്ത മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽപെടുത്താൻ ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡി.സി.സി) യോഗം തീരുമാനിച്ചു. ചില സംസ്ഥാനങ്ങൾ മാത്രമാണ് കേന്ദ്ര അതോറിറ്റിക്ക് എൻ.എസ്.ക്യു മരുന്നുകളുടെ വിവരം പ്രതിമാസം നൽകുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ഫെബ്രുവരിയിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ 58 മരുന്നുകൾ നിലവാരമില്ലാത്തതെന്നും (നോട്ട് സ്റ്റാൻഡേർഡ് ക്വാളിറ്റി-എൻ.എസ്.ക്യു) രണ്ട് മരുന്നുകൾ വ്യാജമാണെന്നും കണ്ടെത്തൽ.
സമയബന്ധിതമായി വിവരം കൈമാറാൻ എല്ലാ സംസ്ഥാനങ്ങളോടും ഡി.സി.സി ആവശ്യപ്പെട്ടു. കരിമ്പട്ടികയിൽപ്പെട്ട കമ്പനികളിൽനിന്ന് മരുന്ന് വാങ്ങുന്നതിന് മുമ്പ് സർക്കാർ ഏജൻസികൾ ജാഗ്രത പാലിക്കണമെന്ന് ഡ്രഗ് റെഗുലേറ്റർമാർ മുന്നറിയിപ്പ് നൽകി. ഡ്രഗ് റെഗുലേറ്റർമാർ കഴിഞ്ഞ മാസം വിവിധ സംസ്ഥാനങ്ങളിലായി ആകെ 1,167 മരുന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയിൽ ഏകദേശം അഞ്ച് ശതമാനമാണ് എൻ.എസ്.ക്യു ആയി പ്രഖ്യാപിച്ചത്.
പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് നിർമിച്ചതെന്ന് ലേബൽ ചെയ്ത ടെൽമ എ.എം (ടെൽമിസാർട്ടൻ 40 മില്ലിഗ്രാം, അംലോഡിപൈൻ അഞ്ച് മില്ലിഗ്രാം ഗുളികകൾ), ടെൽമ 40 (ടെൽമിസാർട്ടൻ 40 മില്ലിഗ്രാം) എന്നീ മരുന്നുകളുടെ ഒരു ബാച്ചിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്നാണിത്.
അതേസമയം, ഈ ഉൽപന്നം തങ്ങൾ നിർമിച്ചതല്ലെന്നും ഇവ കമ്പനിയുടെ പേരിൽ വ്യാജമായി വിപണിയിലിറക്കിയതാണെന്നുമാണ് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ വിശദീകരണം. അതേസമയം, കമ്പനിയുടെ വാദം പരിഗണിച്ച് മരുന്ന് വ്യാജമാണോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് ഡ്രഗ് റെഗുലേറ്റർമാർ അറിയിച്ചു. സൺ ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സോൾ-എഫ് (മൈക്കോനാസോൾ നൈട്രേറ്റ്, ഫ്ലൂസിനോലോൺ അസെറ്റോണൈഡ് ഓയിൻമെന്റ്), ആൽകെം ഹെൽത്ത് സയൻസിന്റെ പൈറിക്കൂൾ 500 (500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ), ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ ഡിഫറസിറോക്സ്, മൈക്രോ ലാബ്സ് ലിമിറ്റഡിന്റെ 0.3 മില്ലിഗ്രാം മോക്സോണിഡൈൻ ഗുളികകൾ, ലബോറേറ്റ് ഫാർമസ്യൂട്ടിക്കൽസ് ഇന്ത്യയുടെ മെഡ്മോക്സിൽ 125 (അമോക്സിസില്ലിൻ ഓറൽ സസ്പെൻഷൻ) എന്നിവയും സാമ്പിൾ പരിശോധനയിൽ പരാജയപ്പെട്ടു.
ഹിമാചൽ പ്രദേശിലെ നെക്സ്കെം ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന അസെപിക്-പി (അസെക്ലോഫെനാക്, പാരസെറ്റമോൾ ഗുളികകൾ), ഉത്തരാഖണ്ഡിലെ ന്യൂട്രാ ലൈഫ് ഹെൽത്ത്കെയർ നിർമിച്ച കാൽസിജിയന്റ് 500 ഗുളികകൾ (കാത്സ്യം കാർബണേറ്റ്, വിറ്റാമിൻ ഡി-മൂന്ന്) എന്നിവ എൻ.എസ്.ക്യു ആയി പ്രഖ്യാപിച്ച മരുന്നുകളുടെ സാമ്പിളുകളിൽ ഉൾപ്പെടുന്നു. അതേസമയം, ജനുവരിയിൽ എൻ.എസ്.ക്യു ആയി പ്രഖ്യാപിച്ച ആൻറികൺവൾസന്റ് മരുന്നായ ലെവിപിൽ 500 സാമ്പിൾ സൺ ഫാർമ നിർമിച്ചതല്ലെന്നും വ്യാജ മരുന്നാണെന്നും സൺ ഫാർമ ലബോറട്ടറീസ് അധികൃതർ അറിയിച്ചു.