മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു.(5-year-old girl sexually assaulted in Nilambur; Odisha native arrested)
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇതിനു ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.