എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലെ നാല് വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. ബസിലിക്കയുടെയും തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ ഇടവകളുടെ ചുമതല ഒഴിയാത്തതിനെ തുടർന്നാണ് നാല് പേരെയും വൈദികവൃത്തിയിൽ നിന്ന് വിലക്കിയത്. ഡിസംബർ 22-ാം തീയതി മുതൽ വിലക്ക് പ്രാബല്യത്തിൽവന്നു. 4 priests under the Ernakulam-Angamaly Archdiocese banned
നടപടി നേരിടുന്ന നാല് വൈദികർക്കും കുമ്പസാര വിലക്കും കല്പിച്ചിട്ടുണ്ട്. നാല് വിമത വൈദികരോടും പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ മാർ ബോസ്‌കോ പുത്തൂർ അന്ത്യശാസനം നൽകി.
എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ, തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോഷി വേഴപറമ്പിൽ, പാലാരിവട്ടം സെൻറ് മാർട്ടിൻ ഡി. പോറസ് പള്ളി വികാരി ഫാ. തോമസ് വാളൂക്കാരൻ, മാതാനഗർ വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ് നടപടി.
മാറ്റി നിർത്തപ്പെടുന്ന കാലയളവ് തെറ്റുതിരുത്താനും അനുരഞ്ജനത്തിനും അവസരമായി കാണണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതുവരെ പുതുതായി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാർക്കായിരിക്കും പള്ളികളുടെ പൂർണ അധികാരം.
ആത്മീയവും അജപാലനപരവുമായ ചുമതലകളിൽനിന്നും കൂദാശ-പരികർമങ്ങളിൽനിന്നും ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നും ഈ വൈദികരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. അവർ നീക്കം ചെയ്യപ്പെട്ട പള്ളികൾ, അവയോടനുബന്ധിച്ച സ്ഥാപനങ്ങൾ, കപ്പേളകൾ എന്നിവിടങ്ങളിൽ കുർബാന അർപ്പിക്കാനോ കൂദാശകൾ പരികർമം ചെയ്യാനോ ഇവർക്ക് അനുവാദമുണ്ടാകില്ല.
പരസ്യ കുർബാന അർപ്പിക്കാൻ പാടില്ലെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചു. വൈദികർക്ക് മേൽ സ്വീകരിച്ച നിയമനടപടികൾ പ്രത്യേക ട്രിബ്യൂണലിലേയ്ക്ക് കൈമാറിയിട്ടുണ്ട്.