എഐ പരിശീലനത്തിന് രണ്ടായിരത്തിലേറെ അശ്ലീല സിനിമകൾ ഡൗൺലോഡ് ചെയ്തെന്ന്; മെറ്റയ്‌ക്കെതിരെ 36 കോടി ഡോളറിന്റെ നഷ്ടപരിഹാര കേസ്
മെറ്റ കമ്പനിക്കെതിരെ 36 കോടി ഡോളറിന്റ നഷ്ടപരിഹാര കേസ്, സ്ട്രൈക്ക് 3 ഹോൾഡിംഗ്സ്, കൗണ്ടർലൈഫ് മീഡിയ എന്നീ അഡൾട്ട് സിനിമ നിർമാണ കമ്പനികളാണ് മെറ്റക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്. ഈ വിഷയത്തിൽ മെറ്റാ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തങ്ങളുടെ ഉടമസ്ഥതയിലുള്ള 2000-ത്തിലധികം അശ്ലീല സിനിമകൾ മെറ്റാ, അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്ത് അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിച്ചുവെന്നാണ് ആരോപണം.
ബിറ്റ് ടോറന്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് 2396 സിനിമകൾ പണമടയ്ക്കാതെ ഡൗൺലോഡ് ചെയ്തുവെന്നും, ഇത് മെറ്റായുടെ അറിവോടെയാണെന്നും നിർമാണ കമ്പനികൾ ആരോപിക്കുന്നു.
ഇത് വഴി മെറ്റായുടെ AI ഉത്പന്നങ്ങളായ മൂവി ജെൻ, ലാമ എന്നിവയെ പരിശീലിപ്പിക്കാൻ ഈ സിനിമകൾ ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഇരു കമ്പനികളും ചേർന്ന് 36 കോടി ഡോളർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥരായ മെറ്റയ്ക്ക് പുതിയ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകുന്നത്.
എഡിറ്റിംഗിന് ‘എഡിറ്റ്സ്’ ഇറക്കി മെറ്റ; വാട്ടർമാർക്കില്ലാതെ ഇനി എളുപ്പത്തിൽ വീഡിയോ നിർമിക്കാം
റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീൽസ് വീഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന ഈ ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന്റെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്.
‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്.ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്.
യുഎസിൽ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ടതോടെയാണ് മെറ്റ പുതിയ ആപ് ഇറക്കിയത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയിൽ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.
ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന അമേരിക്കയിൽ കാപ്പ് കട്ടിനും ആരാധകർ ഏറെയായിരുന്നു. ഈ രണ്ട് ആപ്പുകളുടെയും അഭാവം ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്.
ഇൻസ്റ്റഗ്രാം എഡിറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഫോണിന്റെ ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ റീൽസ് ആക്കി മാറ്റാനും മെറ്റയുടെ മ്യൂസിക് ലൈബ്രറിയിൽ നിന്ന് പാട്ടുകൾ കൂട്ടി ചേർക്കാനും സാധിക്കും.
വാട്ടർമാർക്കുകൾ ഇല്ലാതെ വീഡിയോ എക്‌സ്‌പോർട്ട് ചെയ്യാനാകും എന്നതാണ് വലിയ പ്രത്യേകത.
ഒരു വീഡിയോ എഡിറ്റിങ് ആപ്പിനെ പോലെ എളുപ്പം വീഡിയോ ക്ലിപ്പുകൾ കൈകാര്യം ചെയ്യാനാവുന്ന ലളിതമായ ഇന്റർഫെയ്‌സ് ആണ് ആപ്പിന്റെ ഏറ്റവും വലിയ സവിശേഷത.
എഐ ഇമേജ് ജനറേഷൻ സംവിധാനവും മറ്റ് എഡിറ്റിങ് ടൂളുകളും ഇതിൽ ലഭ്യമാണ്.
ഇൻസ്റ്റഗ്രാം ആപ്പിലെ എഡിറ്റിങ് സംവിധാനത്തിന്റെ പരിമിതികൾ മറികടക്കാനും പെയ്ഡ് സേവനങ്ങൾ നൽകുന്ന തേഡ് പാർട്ടി ആപ്പുകളുടെ ഉപയോഗം കുറച്ച് തങ്ങളുടെ തന്നെ ആപ്പിലേക്ക് ക്രിയേറ്റർമാരെ എത്തിക്കാനും ഇതുവഴി മെറ്റയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ
ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസിൽ ഹാക്കർമാർ നുഴഞ്ഞു കയറി: ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യത: മുന്നറിയിപ്പ്
ഗൂഗിളിന്റെ ഒരു പ്രധാന ഡാറ്റാ ബേസിൽ ഹാക്കർമാർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് രണ്ടര ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2.5 ബില്യണ്‍ ജിമെയില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഈ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പുകാര്‍ വ്യാജ ഫോണ്‍ കോളുകള്‍ നടത്തുകയും ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കും സ്വകാര്യ ഡാറ്റയിലേക്കും ആക്‌സസ് നേടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.
നിങ്ങള്‍ക്ക് ഗൂഗിളില്‍ നിന്ന് ഒരു ടെക്സ്റ്റ് സന്ദേശമോ വോയ്‌സ് സന്ദേശമോ ലഭിക്കുകയാണെങ്കില്‍, അത് ഗൂഗിളില്‍ നിന്നാണെന്ന് വിശ്വസിക്കരുത് എന്നും പത്തില്‍ ഒമ്പത് തവണയും അത് സംഭവിക്കാന്‍ സാധ്യതയില്ല എന്നുമാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇത്തരത്തിൽ ഷൈനി ഹണ്ടേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പ് കഴിഞ്ഞ ജൂണിൽ ഒരു ഗൂഗിള്‍ ജീവനക്കാരനെ കബളിപ്പിച്ച് ക്ലൗഡ് പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുന്ന ഒരു ഗൂഗിള്‍ ഡാറ്റാബേസിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.
ഈ ഹാക്കർമാർ കമ്പനി പേരുകളും ഉപഭോക്തൃ കോണ്‍ടാക്റ്റ് വിശദാംശങ്ങളും അടങ്ങിയ നിരവധി ബിസിനസ് ഫയലുകള്‍ അവര്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പാസ് വേര്‍ഡുകളൊന്നും തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല.
ഗൂഗിള്‍ ജീവനക്കാര്‍ എന്ന് നടിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ ഫോണില്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ വലിയ തോതിലുള്ള പ്രചാരണം നടക്കുകയാണ്.
പലരേയും ഇവര്‍ ഫോണില്‍ വിളിച്ച് അവരെ കൊണ്ട് ലോഗിന്‍ ചെയ്യിക്കാന്‍ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.