വിൽക്കാൻ ധാരാളം ഉള്ളപ്പോൾ വിലയില്ല, ഇപ്പോൾ വില കയറിയപ്പോൾ വിൽക്കാൻ സാധനവുമില്ല എന്ന് അവസ്ഥയിലാണ് കർഷകർ. പറഞ്ഞുവരുന്നത് ഏലത്തിന്റെ കാര്യമാണ്. ഏലക്കയുടെ വില ശരാശരി 2000 എന്ന മോഹവിലയിൽ എത്തിയപ്പോൾ വിൽക്കാൻ ഏലക്കാ കൈയ്യിലില്ലാത്ത അവസ്ഥയിലാണ് കർഷകർ. കനത്ത ചൂടിൽ ഏലക്കൃഷി കരിഞ്ഞുണങ്ങി ഉത്പാദനം പാടെ ഇടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്.
2019 ആഗസ്റ്റ് മൂന്നിന് നടന്ന ലേലത്തിലാണ് ഏലയ്ക്കാ വില റെക്കാഡ് നിരക്കായ കിലോയ്ക്ക് 7000 രൂപ രേഖപ്പെടുത്തിയത്. എന്നാൽ പിന്നീട് കൊവിഡിനെ തുടർന്ന് ഏലയ്ക്ക വിപണി തകർച്ച നേരിട്ടു. പുറ്റടി സ്പൈസസ് പാർക്കിൽ ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനി ചൊവ്വാഴ്ച നടത്തിയ ലേലത്തിൽ ശരാശരി വില കിലോയ്ക്ക് 2357.26 രൂപയും ആണ്. ഇപ്പോൾ വില ഉയർന്നപ്പോൾ ചെറുകിട കർഷകരുടെ കൈയിലൊന്നും ഏലയ്ക്ക ഇല്ലാത്ത സ്ഥിതിയാണ്. ഇവിടെ വില കൂടുമ്പോൾ ഗ്വാട്ടിമാല ഏലം ഇറക്കുമതി ചെയ്ത് വ്യാപാരികൾ നേട്ടം കൊയ്യാറുണ്ട്. എന്നാൽ ഇത്തവണ ഗ്വാട്ടിമാലയിലും വരൾച്ച ബാധിച്ചതിനാൽ ഉത്പാദനം തീരെ കുറഞ്ഞു. ഇത്തവണത്തെ വരൾച്ചയിൽ ഏലക്കൃഷിയാകെ കരിഞ്ഞുണങ്ങിയതാണ് കർഷകർക്ക് വിനയായത്. ഇടുക്കി ജില്ലയിലെ ഏലം മേഖലയിൽ 60 ശതമാനവും കരിഞ്ഞുണങ്ങി. ആദായം നഷ്ടപ്പെട്ട കർഷകർ ഇനി എന്ത് ചെന്നമെന്നറിയാത്ത അവസ്ഥയിലാണ്.