തിരുവനന്തപുരം: അടുത്ത ഡിസംബറിൽ തദ്ദേശതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം. ഇതിനായി സർക്കാർ പ്രത്യേക ഓർഡിനൻസിറക്കും.തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. 1200 വാർഡുകൾ പുതുതായി രൂപപ്പെടുമെന്നാണ് റിപ്പോർട്ട്. ഭരണം പിടിക്കാൻ അനുകൂലമാകുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താവും പുതിയ വാർഡുകൾ എന്നാണ് സൂചന. നിലവിൽ 1200തദ്ദേശസ്ഥാപനങ്ങളിൽ 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങൾ വർദ്ധിക്കും. ഇവർക്ക് ഓണറേറിയം നൽകാൻ അഞ്ചു വർഷം 67കോടിരൂപ അധികം വേണ്ടിവരും.
ജനസംഖ്യ വർദ്ധിച്ചെന്ന് വിലയിരുത്തിയാണ് വാർഡുകൾ പുനർനിർണയം ചെയ്യുന്നത്. ചെറിയ പഞ്ചായത്തുകളിൽ 13ഉം വലുതിൽ 23ഉം വാർഡാണ് നിലവിലുള്ളത്. ഭേദഗതിയോടെ 14ഉം 24മാവും.2019 ജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ, വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.
ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് കൂട്ടുന്ന തരത്തിൽ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്താനാണ് തീരുമാനം.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും നാല് മുതിർന്ന ഐ.എ.എസുകാരും അംഗങ്ങളായ സമിതിക്കാണ് ചുമതല. നടപടികൾ പൂർത്തിയാക്കാൻ ആറുമാസമെടുക്കും.
പഞ്ചായത്തുകളിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്.
സർക്കാർ ന്യായം1. ജനസംഖ്യ പരിഗണിച്ചാവണം തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് പഞ്ചായത്തീരാജ്, മുനിസിപ്പൽ ആക്ടുകളിൽ വ്യവസ്ഥയുണ്ട്.2. കൂടുതൽ പേർക്ക് പ്രാദേശികഭരണത്തിൽ കടന്നുവരാൻ അവസരം. അതിലൂടെ വികസനത്തിൽ കൂടുതൽ ജനപ്രാതിനിദ്ധ്യം ഉറപ്പിക്കാം. ഭരണഘടനാപരമായ ആനുപാതിക പ്രാതിനിധ്യം ശക്തിപ്പെടുത്താം.