ബെംഗളൂരു: ബെംഗളൂരുവിൽ 11കാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മദ്രസ പ്രിൻസിപ്പലിന്റെ മകൻ അറസ്റ്റിൽ. കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിൻസിപ്പലിന്റെ മകൻ മുഹമ്മദ് ഹസൻ ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.
പെൺകുട്ടി അനുസരണക്കേട് കാണിച്ചു എന്നതാണ് മർദന കാരണമായി പറയുന്നത് . കുട്ടിയെ പ്രതി വടികൊണ്ട് അടിക്കുകയും വിരലുകൾക്കിടയിൽ പെൻസിൽ വെച്ച് തിരിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
പ്രിൻസിപ്പലിന്റെ മുറിയിൽ കുട്ടിയെ വിളിച്ചു വരുത്തിയായിരുന്നു മർദനം. കഴിഞ്ഞ വർഷം ജൂലൈയിൽ മദ്രസയിൽ പ്രവേശനം നേടിയ പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്. കുട്ടികളെ മുഹമ്മ്ദ് ഹസൻ സ്ഥിരമായി മർദിക്കാറുള്ളതായി സിസിടിവി കാമറ ദൃശ്യങ്ങളിൽ നിന്ന് തെളിവ് ലഭിച്ചതായി ബെംഗളൂരു നോർത്ത് പൊലീസ് അറിയിച്ചു.