ചാറ്റ് ജിപിടിയാണ് ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ മേഖലയും കൈകാര്യം ചെയ്യാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. സമയം കഴിയുന്തോറും ചാറ്റ് ജിപിടിയുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. കൂടാതെ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ജോലിയുടെ കാര്യത്തിലും നിരവധി ഓപ്ഷനുകള്‍ ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ റെസ്യൂം ബില്‍ഡര്‍ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍സിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികള്‍ വിശ്വസിക്കുന്നത്.
ചാറ്റ് ജിപിടി വിദഗ്ധര്‍ക്ക് പ്രതിവര്‍ഷം 185,000 ഡോളര്‍ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നല്‍കാന്‍ ലിങ്ക്ഡ്ഇന്നിലെ കമ്പനികള്‍ തയ്യാറാണെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ആസ്ഥാനമായുള്ള എച്ച്ആര്‍ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാര്‍ട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് റോളുകള്‍ പരീക്ഷിച്ചിരുന്നു.
മുന്‍പ് ആപ്പിളിന്റെ ഉത്പന്നങ്ങളില്‍ എഐ കൂട്ടിച്ചേര്‍ക്കുമെന്ന് ആപ്പിള്‍ സിഇഒ ടീം കുക്ക് അറിയിച്ചത് വാര്‍ത്തയായിരുന്നു. ചാറ്റ്‌ബോട്ട്, ചാറ്റ് ജിപിടി പോലുള്ളവ താന്‍ ഉപയോഗിക്കുന്നുണ്ടെന്നും അന്നദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇവ ലോകത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഓപ്പണ്‍ എഐ പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ചെന്ന വാര്‍ത്ത ചര്‍ച്ചയായത് അടുത്തിടെയാണ്. പ്രതിമാസം ഒരു ബില്യണ്‍ (100 കോടി) വിസിറ്റേഴ്‌സാണ് ഓപണ്‍ എഐയുടെ വെബ്‌സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തില്‍ വളരുന്ന വെബ്‌സൈറ്റുമാണിത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില്‍ ഓപണ്‍ എഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളില്‍ 54.21 ശതമാനം വളര്‍ച്ച നേടി.
യുഎസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോര്‍ട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇസ്രായേല്‍ ആസ്ഥാനമായ സോഫ്റ്റ്വെയര്‍ ആന്റ് ഡാറ്റ കമ്പനിയായ സിമിലാര്‍ വെബില്‍ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാര്‍ച്ചിലെ വിസിറ്റേഴ്‌സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജന്‍സി വിശകലനം ചെയ്തത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്.