സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ ശിക്ഷിച്ചാൽ അദ്ധ്യാപകർ ജയിലിലാകുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ, കുട്ടികൾക്ക് ശാരീരികമായ ശിക്ഷ കുറയുന്ന കാലത്ത് സ്വയം അത്തരമൊരു ശിക്ഷയ്ക്ക് വിധേയനായി പ്രധാനാധ്യാപകന്‍.
ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തിലെ സില്ല പരിഷത് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായ ചിന്ത രമണയാണ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ 50 തവണ ഏത്തമിട്ട് സ്വയം ശിക്ഷ ഏറ്റുവാങ്ങിയത്.
കുട്ടികൾക്ക് മുന്നിൽ വച്ചാണ് അധ്യാപകൻ ഇത് ചെയ്തത്. വിദ്യാര്‍ഥികളെ പഠിപ്പിച്ച് നന്നാക്കാനും അച്ചടക്കം പഠിപ്പിക്കാനുമുള്ള സ്വന്തം കഴിവിനെ ചോദ്യംചെയ്താണ് അദ്ദേഹം കുട്ടികള്‍ക്കു മുന്നില്‍ സ്വയം ശിക്ഷയ്ക്ക് വിധേയനായത്.
‘ഞങ്ങള്‍ക്ക് നിങ്ങളെ തല്ലാനോ ശകാരിക്കാനോ സാധിക്കില്ല. ഞങ്ങള്‍ കൈകള്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ പഠിപ്പിച്ചിട്ടും വളരെയധികം പരിശ്രമിച്ചിട്ടും കുട്ടികളുടെ പെരുമാറ്റത്തിലോ അക്കാദമിക് കാര്യങ്ങളിലോ യാതൊരു വ്യത്യാസവുമില്ല.
പ്രശ്‌നം നിങ്ങളുടേതാണോ അതോ ഞങ്ങളുടേതോ? ഞങ്ങളുടേതാണെന്ന് പറഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കും’, ഇതു പറഞ്ഞ ശേഷം കുട്ടികള്‍ക്കു മുന്നില്‍ സ്റ്റേജിലെ തറയില്‍ സാഷ്ടാംഗം പ്രണമിച്ച ചിന്ത രമണ, ശേഷം ഏത്തമിടാന്‍ തുടങ്ങുകയായിരുന്നു.
50 തവണയെങ്കിലും അദ്ദേഹം ഏത്തമിട്ടു. ഇതിനിടെ ‘അരുത് സര്‍’ ഇന്ന് കുട്ടികൾ ഉച്ചത്തിൽ പറയുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുട്ടികൾ ആവർത്തിച്ച് തെറ്റുകൾ വരുത്തിയാലും അവരെ ശിക്ഷിക്കാൻ അധ്യാപകർക്ക് അനുവാദമില്ലാത്തതിനാൽ താൻ സ്വയം ശിക്ഷിച്ചുവെന്ന് ശ്രീ രമണ പറഞ്ഞു.
മാതാപിതാക്കളിൽ നിന്നും മറ്റുള്ളവരിൽ നിന്നും ബഹളം ഉണ്ടാകുമെന്ന് ഭയന്ന് അധ്യാപകർ കുട്ടികളെ ശകാരിക്കുക പോലും ചെയ്യാറില്ലെന്ന് അദ്ദേഹം പറഞ്ഞു. “വിദ്യാർത്ഥികളെ ശിക്ഷിക്കാൻ എനിക്ക് ഓപ്ഷൻ ഇല്ലാത്തതിനാൽ ഞാൻ എന്നെത്തന്നെ ശിക്ഷിച്ചു. മറ്റ് അധ്യാപകർക്കും ഇതേ പ്രശ്നമാണ്.” അദ്ധ്യാപകൻ പറയുന്നു.