ഡിണ്ടിഗൽ: കൊടൈക്കനാലിൽ സ്ഥിചെയ്യുന്ന ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത്ത്കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. വിവരം ലഭിച്ചയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്തു. കേരളത്തിനു പുറമേ തമിഴ്നാട്ടിലും ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഓഫ് സീസണ്‍ ആയിട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തിയതെന്നാണ് കണക്ക്. സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനയാണ് രേഖപ്പെടുത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍.സെന്തില്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ മാത്രം ഒരു ലക്ഷം പേരാണ് ഗുണ കേവിലേക്ക് എത്തിയത്. സിനിമയുടെ വിജയം പരോക്ഷമായി ജില്ല ഭരണകൂത്തിന്‍റേയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റേയും പ്രദേശ വാസികളുടേയും വരുമാനം വര്‍ധിപ്പിക്കുകയാണെന്നും സെന്തില്‍ പറഞ്ഞു. കൊടൈക്കനാലിലേക്ക് പോകുന്ന സംഘത്തിലൊരാൾ ഗുണ കേവിൽ അകപ്പെടുന്നതാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ പ്രമേയം.
Read Also: അർദ്ധനഗ്ന മൃതദേഹം തോട്ടിലൂടെ ഒഴുകിയെത്തി; ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കും