കൊല്ലം: ആഢംബര കാറിൽ സഞ്ചാരം, പക്ഷേ ജോലി മോഷണം. ആഢംബര കാറിൽ കറങ്ങിനടന്ന് യുവാക്കൾ മോഷ്ടിക്കുന്നത് റബർ ഷീറ്റ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലം ചടയമംഗലത്ത് പോലീസിന്റെ പിടിയിലായി. ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ മോഷണം നടത്തുന്നത്.
ചിതറ സ്വദേശിയുടെ ആഢംബര കാറിൽ കറങ്ങി നടന്നായിരുന്നു റബ്ബർ ഷീറ്റ് മോഷണം. മഞ്ഞപ്പാറ സ്വദേശിയായ 18 വയസ്സുള്ള അർഷിതും ആക്കൽ സ്വദേശിയായ 19 വയസ്സുള്ള സാജിദും പ്രായപൂർത്തിയാകാത്ത ഒരാളുമായിരുന്നു സംഘാംഗങ്ങൾ.
ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം.കാറിൽ ആക്കലിൽ എത്തിയ പ്രതികൾ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നൂറോളം റബർ ഷീറ്റുകൾ മോഷ്‌ടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും പ്രതികൾ കാറുമായി വേഗം രക്ഷപ്പെട്ടു. എന്നാൽ വീട്ടുകാരും അയൽക്കാരും കാറിൻ്റെ നമ്പർ തിരിച്ചറിഞ്ഞിരുന്നു. വിവരങ്ങൾ ചടയമംഗലം പൊലീസിന് കൈമാറി.
പനവേലിയിലെ ഒരു കടയിലാണ് റബർ ഷീറ്റ് വിറ്റത്. തുടർന്ന് പ്രതികൾ സമീപത്തെ സർവീസ് സെൻ്ററിൽ കാർ കഴുകാൻ ഏൽപ്പിച്ചു. ഉടമസ്‌ഥൻ നേരിട്ടെത്തി കാർ എടുക്കുമെന്ന് പറഞ്ഞ് മോഷ്‌ടാക്കൾ കടന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതികളെയും കണ്ടെത്തിയത്.
പ്രതികളെ തെളിവെടുപ്പിനായി മോഷണ സ്‌ഥലത്ത് എത്തിച്ചു. ഇവർ ഇതുപോലെ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരുകയാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഒഴികെ മറ്റ് രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
Youngsters steal rubber sheets while driving luxury cars.