തിരുവനന്തപുരം: കൈവിരലിൽ ഇട്ടിരുന്ന മോതിരത്തിന്റെ മുകളിലൂടെ മാംസം വളർന്ന് ദുരിതത്തിലായ യുവാവിന് രക്ഷകരായി അഗ്നിരക്ഷാ സേന. വിരൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. കൊല്ലം സ്വദേശി രതീഷിന്റെ കയ്യിലാണ് മോതിരം കുടുങ്ങിയത്.
കുറേയേറെ വർഷങ്ങളായി രതീഷ് സ്റ്റീൽ മോതിരങ്ങളും സ്റ്റീൽ സ്‌പ്രിംഗ് മോഡൽ മോതിരവും ഇടതുകൈവിരലിൽ ഉപയോഗിക്കുന്നുണ്ട്. മുമ്പ് പലതവണ മോതിരം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. തുടർന്ന് മോതിരത്തിന്റെ മുകളിലൂടെ ദശ വളർന്ന് മോതിരം മൂടുന്ന അവസ്ഥ എത്തിയപ്പോൾ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
എന്നാൽ കൈവിരൽ മുറിച്ചുമാറ്റാതെ രക്ഷയില്ലെന്ന് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ അറിയിച്ചു. തുടർന്ന് അവസാന ഘട്ട ശ്രമമെന്ന നിലയിലാണ് മെഡിക്കൽ കോളേജ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ വിരലുകൾ മുറിക്കാതെ തന്നെ വളയങ്ങൾ മാംസത്തിന് പുറത്തെടുത്ത് നൽകാമെന്ന് സേനാംഗങ്ങൾ ഡോക്‌ടർമാർക്ക് ഉറപ്പുനൽകി.
പിന്നാലെ യുവാവിന് അനസ്‌തേഷ്യ നൽകിയശേഷം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആറ് വളയങ്ങളുള്ള സ്റ്റീൽ സ്‌പ്രിംഗ് മോതിരവും മറ്റൊരു മോതിരവും അഗ്നിരക്ഷാ സേന വിരൽ നിന്ന് ഊരിയെടുത്തത്. തിരുവനന്തപുരം അഗ്നിരക്ഷാ നിലയത്തിലെ എഫ്ആർഒ ഷഹീർ, വിഷ്‌ണു നാരായണൻ, അനീഷ്, ജികെ ശ്രീജിത്ത്, എഫ്‌ആർഒ അഭിലാഷ് എന്നിവർ ദൗത്യസംഘത്തിലുണ്ടായിരുന്നു.