കോട്ടയം: ബാറിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് ആണ് സംഭവം. രാജ് റീജന്റ് മാന്തറപ്പറമ്പിൽ എം.ബി. മഹേഷ് (46) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. ബാറിൽ നിന്നിറങ്ങിയ മഹേഷ് കാറിനുള്ളിലേക്ക് കയറിയിരുന്നു. എന്നാൽ വാഹനം നീങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
കടലിൽ നീന്തുന്നതിനിടെ രണ്ടു യുവാക്കളെ കാണാതായി
കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് നാലിനാണ് സംഭവം. പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം കടലിൽ നീന്തുന്നതിനിടെ വലിയ തിരയിൽപ്പെടുകയായിരുന്നു. യുവാക്കൾ തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും ഉടൻ വിവരമറിയിക്കുകയായിരുന്നു.
എന്നാൽ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നുണ്ട്.









