കര്‍ഷക സമരത്തിനിടെ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ ആണ് സംഭവം. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കൾ രംഗത്തെത്തി.
കർഷക സമരത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്. അതേസമയം കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിക്കുകയാണ്കേന്ദ്രം.