ന്യൂഡല്‍ഹി/തിരുവനന്തപുരം: രാജ്യാന്തര യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യം യോഗാദിനം ആചരിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ യോഗാ ദിനാചരണവും പരിശീലനവും സംഘടിപ്പിച്ചു.
‘യോഗ ലോകമാകുന്ന കുടുംബത്തിന് വേണ്ടി’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. 2014 ല്‍ ഐക്യരാഷ്ട്ര സംഘടന പൊതുസഭാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 രാജ്യാന്തര യോഗാ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.
ഇന്ന് യുഎസില്‍ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് യോഗാ ദിനപരിപാടികള്‍ക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കും.
മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ 15,000 പേര്‍ അണിനിരന്നുള്ള യോഗാഭ്യാസങ്ങളാണ് നടന്നത്.
കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യോഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗ പരിപാടിക്ക് നേതൃത്വം നല്‍കി.