കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും. വിഷയത്തിൽ പ്രതിഷേധവുമായി ഗുണഭോക്താക്കൾ രംഗത്തെത്തി. അതേസമയം സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്.
സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ഇരിപ്പിടങ്ങൾ മറിച്ചിടുകയും പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസുമായി സംഘർഷവുമുണ്ടായി.
പ്രവർത്തകർ ദുരന്തബാധിതർക്ക് വിതരണം ചെയ്ത അരി ഓഫിസിന്റെ ഉള്ളിൽ നിലത്തിട്ട് പ്രതിഷേധിച്ചു. പഞ്ചായത്ത് അധികൃതർ ആരും ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായില്ലെന്നും, അങ്ങനെ ഉണ്ടായാൽ സമരം അവസാനയിപ്പിക്കുമെന്നുമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികരിച്ചത്.