ലക്നൗ: ഉത്തർപ്രദേശിലെ ജാൻസിയിൽ തൊഴിൽ സമ്മർദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. ബജാജ് ഫിനാൻസിൽ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുൺ സക്സേനയെ (42) ആണ് പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ട് ആത്മഹത്യ കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തി.(Work pressure; Bajaj Finance employee dies by suicide)
കടുത്ത മാനസിക സമ്മർദം വ്യക്തമാക്കുന്ന അഞ്ച് പേജുള്ള കത്ത് ആണ് യുവാവ് എഴുതി വെച്ചിരുന്നത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ മാനേജർമാർ കടുത്ത സമ്മർദം ഉണ്ടാക്കുന്നുവെന്നും ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പിൽ ആരോപിക്കുന്നു. രാവിലെ വീട്ടിൽ ജോലിക്കെത്തിയ ആളാണ് തരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഭാര്യയെയും രണ്ട് മക്കളെയും മറ്റൊരു മുറിയിലിട്ട് പൂട്ടിയ ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്.
ബജാജ് ഫിനാൻസിന്റെ ലോണുകളുടെ തിരിച്ചടവ് തുക ശേഖരിക്കുകയായിരുന്നു തരുണിന്റെ ജോലി. എന്നാൽ പല കാരണങ്ങൾ കൊണ്ട് ടാർഗറ്റുകൾ തികയ്ക്കാൻ സാധിച്ചില്ല. ജോലി പോകുമെന്ന പേടിയുണ്ട്. മാനേജർമാർ തുടർച്ചയായി അപമാനിക്കുന്നു. ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ചിന്തിക്കാൻ പോലുമുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും തരുൺ പറയുന്നുണ്ട്. ഉറങ്ങിയിട്ട് 45 ദിവസമായി. കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. വലിയ സമ്മർദത്തിലാണ്. എന്ത് വിലകൊടുത്തും ടാർഗറ്റ് തികയ്ക്കുകയോ അല്ലെങ്കിൽ ജോലി ഉപേക്ഷിച്ച് പോവുകയോ ചെയ്യണമെന്ന നിലപാടിലാണ് മാനേജർമാർ എന്നും തരുൺ പറയുന്നു.
ഇൻഷുറൻസ് തുക ലഭിക്കുന്നുവെന്ന് ബന്ധുക്കൾ ഉറപ്പാക്കണമെന്നും തന്നെ ദ്രോഹിച്ച മാനേജർമാർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നും അവരാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നുണ്ട്. മാനേജർമാരുടെ പേരുകളും എഴുതിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ബജാജ് ഫിനാൻസിന്റെ വിശദീകരണം വന്നിട്ടില്ല.