വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിലേക്ക്; സ്‌മൃതി മന്ദനയ്ക്ക് അർദ്ധസെഞ്ചുറി; പുതിയ റെക്കോർഡിട്ട് താരം
വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിലേക്ക്. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 111 എന്ന ശക്തമായ നിലയിലാണ്. സ്‌മൃതി മന്ദന അര്ധസെഞ്ചുറിയുമായി കുതിക്കുമ്പോൾ പ്രതിക ശക്തമായ പിന്തുണയുമായി ഒപ്പമുണ്ട്.
അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ സ്‌മൃതി ഏകദിനത്തിൽ 5000 റൺസ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന വനിതകളിലെ ആദ്യ താരമാകുകയാണ് സ്‌മൃതി. ഒരു മാറ്റവുമായി ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ ടീമിന് 100 ശതമാനം പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ കളിയിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഇതോടെ ഇന്നത്തെ കളി ഇന്ത്യക്ക് നിർണായകമാവുകയാണ്.
ലോകകപ്പിൽ ലെഫ്റ്റ് ആം സ്പിന്നർമാർക്കെതിരായ ഇന്ത്യൻ ബാറ്റർമാരുടെ ദൗർബല്യം കണക്കിലെടുത്ത് സോഫി മോളിന്യുവിനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോർജിയ വെയർഹാമാണ് പുറത്തിരിക്കുക.
ഒരു സ്പെഷ്യലിസ്റ്റ് പേസർ എന്ന തന്ത്രം ഈ മത്സരത്തിലും ഇന്ത്യ തുടരും. കഴിഞ്ഞ മത്സരങ്ങളിൽ ഈ തന്ത്രം പൂർണമായി വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കളിയും ഇന്ത്യ ഇതേ തന്ത്രം സ്വീകരിച്ചത് പൊതുവേ അമ്പരപ്പാണ്.
ടോപ്പ് ഓർഡർ തുടരെ പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ പ്രശ്നം. ഹർലീൻ ഡിയോൾ, പ്രതിക റാവൽ എന്നിവരാണ് ടോപ്പ് ഓർഡറിൽ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നത്.
റിച്ച ഘോഷിൻ്റെ ഗംഭീര ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ന്യൂസീലൻഡിനെയും പാകിസ്താനെയും തകർത്ത് എത്തുന്ന ഓസ്ട്രേലിയ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പ്.