മുംബൈ: മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ സന്തോഷം നിറഞ്ഞ വാർത്തയായിരുന്നു കഴിഞ്ഞ ദിവസത്തെ വനിതാ പ്രീമിയർ ലീഗ് താര ലേലത്തിൽ നിന്നും വന്നത്. മിന്നു മണിയ്‌ക്കൊപ്പം വയനാട്ടിൽ നിന്നും മറ്റൊരു മലയാളി വനിതാ താരം കൂടി ലേലത്തിൽ ഉൾപ്പെട്ടു. മാനന്തവാടി സ്വദേശിനിയായ സജന സജീവിനെ 15 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള താരലേലത്തിൽ പങ്കെടുത്തത് നാലു മലയാളികളാണ്. സജനയോടൊപ്പം അണ്ടർ 19 ലോകകപ്പിൽ കളിച്ച ഓൾ റൗണ്ടർ നാജില സിഎംസി, സ്പിന്നർ കീർത്തി ജെയിംസ്, ബാറ്റർ ദൃശ്യ ഐവി എന്നിവരായിരുന്നു അവർ. എന്നാൽ ടീമിൽ ഇടം നേടാനായത് സജനയ്ക്ക് മാത്രം.
ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റെയും മാനന്തവാടി നഗരസഭാ കൗൺസിലർ ശാരദയുടെയും മകളാണ് സജന. ഡൽഹി കാപിറ്റൽസ് താരം മിന്നുമണിയുടെ നാട്ടുകാരിയാണ്. കഴിഞ്ഞ 9 വർഷമായി കേരള ടീമിൽ സ്ഥിരാംഗമായ സജന, 2018ൽ അണ്ടർ 23 ദേശീയ ചാംപ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. കൂടാതെ കഴിഞ്ഞവർഷം ചാലഞ്ചർ ട്രോഫി ക്രിക്കറ്റിൽ ദക്ഷിണമേഖലാ ടീമിനെ നയിക്കുകയും ചെയ്തു.
ക്രിക്കറ്റിലേക്ക് വരുന്നതിനു മുൻപ് അത്‌ലറ്റിക്സിലും ഫുട്ബോളിലും മിന്നും താരമായിരുന്നു സജന. അത്‍ലറ്റിക്സിൽ സംസ്ഥാന സ്കൂൾ മീറ്റിൽ ജാവലിൻത്രോയിൽ നാലാംസ്ഥാനം നേടുകയും ഫുട്ബോളിൽ കേരള സീനിയർ ടീം ജഴ്സിയണിയുകയും ചെയ്തു. തുടർന്നാണ് സജന സജീവൻ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിനു കാരണക്കാരി ആയതോ മിന്നുമണിയുടെ സ്കൂളായ മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എത്സമ്മയും.
17-ാം വയസിലാണ് ആദ്യമായി കേരള ക്രിക്കറ്റിലേക്ക് സെലക്ഷന് പോവുന്നത്. ആദ്യം നിരാശയായിരുന്നു ഫലമെങ്കിലും അടുത്ത വര്ഷം തന്നെ സജന ടീമിൽ ഉൾപ്പെട്ടു. ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ബൗണ്ടറിയിലൂടെ കേരളത്തെ വിജയത്തിലെത്തിച്ചത് സജനയായിരുന്നു. ബിസിസിഐയുടെ മികച്ച ബൗളർമാരുടെ ലിസ്റ്റിൽ മലയാളി താരം ഇടം പിടിച്ചിട്ടുണ്ട്. 2015 കേരള ക്രിക്കറ്റിലെ മികച്ച വനിതാ താരവും കൂടിയായിരുന്നു 24 കാരിയായ ഈ വയനാട്ടുകാരി.
Read Also: വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ നാല് മലയാളികളും; മിന്നുമണി ഡൽഹി ക്യാപിറ്റൽസിൽ, ലേലം മൂന്നു മണിമുതൽ