കൊച്ചി: വൈദ്യുതിയും പാചകവാതകവും വ്യാപകമായതോടെ മണ്ണെണ്ണ വിസ്മൃതിയിലേക്ക്.
ഡൽഹിയും ഉത്തർപ്രദേശുമടക്കം 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിതരണം അവസാനിപ്പിച്ചു.
മണ്ണെണ്ണ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതാണ് നയമെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞ 7ന് വിവിധ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും മുൻനിറുത്തിയാണ് തീരുമാനം. ഭൂരിഭാഗം വീടുകളിലും വൈദ്യുതിയും പാചകവാതകവും എത്തിയതും കണക്കിലെടുത്തിട്ടുണ്ട്.
കേരളമടക്കം ചില സംസ്ഥാനങ്ങൾ അധികവിഹിതം ആവശ്യപ്പെടുന്നതിനാൽ, മൂന്നു വർഷത്തേക്ക് കൂടി നിലവിലെ രീതി തുടരുമെന്നാണ് റിപ്പോർട്ട്.
തുടർന്ന് മണ്ണെണ്ണ അലോക്കേഷൻ നയം പുന:പരിശോധിക്കുമെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നുണ്ട്.
പൊതുവിതരണ സംവിധാനത്തിലൂടെ രണ്ടു വിഭാഗങ്ങളിലായാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മണ്ണെണ്ണ അനുവദിക്കുന്നത്.
വെളിച്ചത്തിനും പാചകത്തിനും സബ്സിഡിയോടെയും മറ്റ് മേഖലകൾക്ക് സബ്സിഡിയില്ലാതെയും. പിങ്ക്, മഞ്ഞ കാർഡുകൾക്കാണ് ഗാർഹിക മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നുമാസം കൂടുമ്പോൾ അര ലിറ്ററാണ് ലഭിക്കുക.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയ്‌ക്ക് സബ്സിഡി നൽകുന്നുണ്ടെങ്കിലും വിവിധ പ്രശ്നങ്ങൾ ഉള്ളതിനാൽ വിതരണം കാര്യക്ഷമമല്ല.
മണ്ണെണ്ണ നിരുത്സാഹപ്പെടുത്താനുള്ള പ്രത്യേക നടപടികൾക്ക് 2011ൽ കേന്ദ്രം തുടക്കമിട്ടിരുന്നു. സബ്സിഡിയും ക്വാട്ടയും ഘട്ടങ്ങളായി വെട്ടിക്കുറക്കുകയായിരുന്നു. എണ്ണക്കമ്പനികളും മണ്ണെണ്ണ ഉത്പാദനം കുറച്ചുകൊണ്ടുവരികയാണ്.