ഇന്ത്യ എന്ന രാജ്യത്തിനെതിരെ വിദേശത്തിരുന്നു എന്തും വിളിച്ചു പറയാമെന്നു കരുതിയാൽ പണി പാളും. ഇന്ത്യക്കെതിരെ വിദേശത്തിരുന്ന് സംസാരിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉള്ളവരുടെ മാത്രമല്ല ഇന്ത്യൻ വംശജരുടെ വേരുകളും അറുത്തു മാറ്റാൻ ഒരുങ്ങി കേന്ദ്ര സർക്കാർ രംഗത്ത്. ഇത്തരക്കാർക്ക് ഇന്ത്യയിൽ പ്രവേശിക്കാനുള്ള അനുമതിയായി ഒസിഐ കാർഡ് റദ്ദുചെയ്യാനൊരുങ്ങുകയാണ് സർക്കാർ.
ഇന്ത്യൻ പൌരന്മാരായിരുന്നവർ വിദേശ പൌരത്വം നേടിയാൽ അവർക്ക് നൽകുന്ന ഇമിഗ്രേഷൻ സ്റ്റാറ്റസാണ് ഓവർസീസ് സിറ്റിസൻഷിപ്പ്. 1950 ജനുവരി 26 ന് ശേഷം ഇന്ത്യയിലെ പൗരന്മാരായിരുന്നവർക്ക് ഒസിഐ ആയി രജിസ്റ്റർ ചെയ്യാം.
ഒസിഐ പ്രകാരം രജിസ്റ്റർ ചെയ്ത വിദേശ പൗരന് ഇന്ത്യ സന്ദർശിക്കുന്നതിന് മൾട്ടിപ്പിൾ എൻട്രി, മൾട്ടി പർപ്പസ്, ആജീവനാന്ത വിസ അനുവദിക്കും. ഇന്ത്യയിൽ സ്വത്ത് വാങ്ങിക്കൂട്ടാൻ കഴിയില്ലെങ്കിലും പല കാര്യങ്ങളിലും പ്രവാസി ഇന്ത്യക്കാർക്ക് തുല്യമായ അർഹത ഇവർക്കുണ്ട്.
ഇത്തരത്തിൽ, ബ്രിട്ടീഷ് പൗരത്വം എടുത്ത കാശ്മീരി സ്വദേശിനിയും എഴുത്തുകാരിയുമായ പ്രൊഫസർ നിടാഷ കൗൾ എന്ന യുവതിയുടെ OCI കാർഡ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ പ്രൊഫസറാണ് നിതാഷ.
നിതാഷ കൗൾ ഇന്ത്യക്കാരിയാണ്. ഇനി ഇവർക്ക് ഇന്ത്യയിലുള്ള സഹോദരങ്ങളുടെയും ബന്ധങ്ങളുടെയും അടുത്തേക്ക് വരാൻ അവരെ കാണാനോ ആകില്ല. മാത്രമല്ല അവരുടെ ഇന്ത്യയിലുള്ള വസ്തുക്കളും വീടും എല്ലാം അനാഥമാകും.
ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ചരിത്രം വളച്ചൊടിച്ചെന്നുമാണ് ആരോപണം. ഫെബ്രുവരിയിൽ ബെംഗളൂരുവിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ നിതാഷ പ്രതികരിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ താമസമാക്കിയ ഇന്ത്യൻ വംശജർക്കെതിരെ കേന്ദ്രസർക്കാറിന്റെ ഇത്തരം നടപടി ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ കോടിക്കണക്കിന് വരുന്ന ഗൾഫ് ഇതര രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരും മലയാളികളും ജാഗ്രത. നില മറന്നു പെരുമാറിയാൽ ഇന്ത്യയിൽ പ്രവേശിക്കാനുള്ള നിങ്ങളുടെ അനുമതിയായ ഓസിഐ കാർഡിന് കേന്ദ്രസർക്കാർ പൂട്ടിടുമെന്ന് ഉറപ്പാണ്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നിഷ്കർഷിക്കുന്ന ഓവർസീസ് പൌരത്വ നിയമ പ്രകാരം ഇന്ത്യൻ ഭരണഘടനയോട് അനാദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഏതൊരു വ്യക്തിയുടെയും ഒസിഐ രജിസ്ട്രേഷൻ ഇന്ത്യൻ സർക്കാരിന് റദ്ദാക്കാം.
എന്നാൽ, താൻ ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ചരിത്രം വളച്ചൊടിച്ചെന്നുമാണ് കേന്ദ്ര സർക്കാർ അയച്ച കത്തിൽ പറയുന്നതെന്ന് നിതാഷ വിശദീകരിച്ചു. കത്ത് അവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. തനിക്കെതിരായ നീക്കം ജനാധിപത്യവിരുദ്ധവും പ്രതികാരബുദ്ധിയുമാണെന്നാണ് നതാഷ പറയുന്നത്.
