തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ദിനമായ നാളെ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ സാധ്യതയുണ്ടെങ്കിലും ഒരു ജില്ലയിലും അലേർട്ട് നൽകിയിട്ടില്ല. വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടത്തും ലഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം പലയിടത്തും നേരിയ മഴ ലഭിച്ചു. മഴ ശക്തമാകാത്തതിനാൽ എല്ലാ ജില്ലകളിലും ഉയർന്ന താപനില തുടരുകയാണ്. തിങ്കളാഴ്ചവരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Read Also: മോഹൻലാലിന്റെ ഭൂതാവതാരം കൊള്ളാം; ബറോസിന്റെ മേക്കിങ് വിഡിയോ പുറത്ത്; തീയറ്ററുകളിൽ ഉടനെത്തും