2036ലെ ഒളിംപിക്സ് ആകുമ്പോഴേയ്ക്കും ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനാകാൻ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ച മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ്. (Will be the head coach of Indian hockey team in 2036 Olympics: PR Sreejesh)
‘‘2032 ആകുമ്പോഴേയ്ക്കും സീനിയർ ടീമിന്റെ ചുമതല ഏറ്റെടുക്കാവുന്ന തലത്തിലേക്ക് ഞാൻ എത്തണം. 2036ൽ ഇന്ത്യയാണ് ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്നതെങ്കിൽ, ആ സമയത്ത് ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായിരിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.’’ ശ്രീജേഷ് പറയുന്നു.
ജൂനിയർ താരങ്ങൾക്കൊപ്പം തുടങ്ങാനാണ് തനിക്ക് താല്പര്യമെന്നു ശ്രീജേഷ് പറയുന്നു.
” ഇക്കാര്യത്തിൽ ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡ് തന്നെയാണ് എന്റെ മാതൃക. മികച്ച യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കാനും സീനിയർ ടീമിലേക്ക് കൈപിടിച്ചു കയറ്റാനുമാണ് ആഗ്രഹം. ഈ വർഷം തന്നെ ഇതിനു തുടക്കമിടണം. അടുത്ത വർഷം ജൂനിയർ ഹോക്കി ലോകകപ്പുണ്ട്.
അതിനു ശേഷം രണ്ടു വർഷത്തിനുള്ളിൽ സീനിയർ ടീമും ലോകകപ്പ് കളിക്കും. 2028നുള്ളിൽ 20–40 യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കണം. 2029 ആകുമ്പോഴേയ്ക്കും അവരിൽ 15–20 പേർ സീനിയർ ടീമിൽ എത്തണം. 2030 ആകുമ്പോഴേയ്ക്കും 30–35 താരങ്ങൾ സീനിയർ ടീമിലേക്കു വരുന്ന രീതിയിലാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
‘‘ വിരമിച്ച ശേഷം നമ്മെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് കുടുംബം തന്നെയാണ്. പരിശീലകനാകാനുള്ള തീരുമാനം കുടുംബവുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
ഒരു നല്ല പരിശീലകനാകുകയാണ് എന്റെ ലക്ഷ്യം. ഇതു തന്നെയായിരുന്നു ആദ്യം മുതലേ എന്റെ മനസ്സിലുള്ളത്. എപ്പോൾ എന്ന ചോദ്യം മാത്രമാണ് എനിക്കു മുന്നിലുണ്ടായിരുന്നത്. ഭാര്യയുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമേ തീരുമാനമെടുക്കൂ’ – ശ്രീജേഷ് പറഞ്ഞു.