മൂന്നാറിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നല്ലതണ്ണി കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കാട്ടാനകൾ ഏറ്റുമുട്ടി. ഒറ്റക്കൊമ്പനും പ്രദേശത്ത് കഴിഞ്ഞ ദിവസം വന്ന മറ്റൊരു കാട്ടാനയുമാണ് കൊമ്പ് കോർത്തത്. Wild elephants clash in residential area in Munnar video
മാലിന്യ പ്ലാന്റിന് സമീപം പച്ചക്കറി മാലിന്യങ്ങൾതിന്നുന്നതിനിടെ ഒറ്റക്കൊമ്പന്റെ സമീപത്തേക്ക് മറ്റൊരാന എത്തി. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഏറെനേരം പരസ്പരം കൊമ്പുകോർത്ത ആനകൾ പിന്നീട് പിൻവാങ്ങി.
എന്നാൽ ആനകൾക്ക് പരിക്കേറ്റിട്ടില്ല. നേരത്തെ പടയപ്പയും ഒറ്റക്കൊമ്പനും പ്രദേശത്ത് വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് ഒറ്റക്കൊമ്പന് പരിക്കുണ്ടായിരുന്നു.
മൂന്നാറിൽ മാലിന്യം തിന്നാനിറങ്ങുന്ന കാട്ടാനകളുടെ ശല്യം അതി രൂക്ഷമായി തുടരുകയാണ്. പ്ലാന്റിന് വെളിയിൽ കൂട്ടിയിടുന്ന പച്ചക്കറി മാലിന്യം തിന്നുന്നതിനാണ് ആനകൾ പ്രദേശത്തെത്തുന്നത്.
കാട്ടാനകൾ പ്ലാന്റിലെ തൊഴിലാളികൾക്ക് ഭീഷണിയാണ്. നേരത്തെ പ്രദേശത്ത് ഇറങ്ങിയ ഒറ്റക്കൊമ്പന്റെ കുത്തേറ്റ തൊഴിലാളി സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.