ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഭർത്താവ് അറസ്റ്റിൽ. ആലിശ്ശേരി വാർഡിൽ ചിറയിൽ വീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിനാണ് ഭാര്യ ഷക്കീലയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയത്.(wife attacked in alappuzha; husband arrested)
സംഭവത്തെ തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
നസീറിന്റെ ഭാര്യ ഷക്കീല കൂലിപ്പണിക്കാരിയാണ്. ഇവർ വീട്ടിൽപ്പോയി സഹോദരങ്ങളെ കണ്ടതിനുശേഷമേ തിരിച്ചെത്തുകയുള്ളൂവെന്ന് ജോലിക്ക് പോകുന്നതിനു മുൻപ് ഷക്കീല മകനോട് പറഞ്ഞിരുന്നു. ഇത് കേട്ട നസീർ നിർമാണജോലിക്കുശേഷം മദ്യപിച്ചെത്തി വെട്ടുകത്തിയെടുത്ത് ഭാര്യയുടെ കഴുത്തിൽവെച്ച് ഭീഷണി മുഴക്കി. പിന്നാലെ അസഭ്യം പറയുകയും വെട്ടുകത്തിയുടെ പിൻഭാഗംകൊണ്ട് മുഖത്തും മുതുകിലും മർദിക്കുകയുമായിരുന്നു.
പരിക്കേറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ ഷക്കീല പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്ന ഇയാളെ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.