ജീവിക്കാൻ അനുകൂലമായ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഇടം നേടി കേരളത്തിലെ കൊച്ചിയും തൃശൂരും. വൻകിട മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ പിന്തള്ളിയാണ് ഈ നേട്ടം. ഇവിടങ്ങളെക്കാൾ മെച്ചപ്പെട്ട ജീവിതനിലവാരമാണ് കൊച്ചിയിലും തൃശൂരിലുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണനിര്‍വഹണം തുടങ്ങിയവയെ അടിസ്ഥാനമാക്കി ലോകനഗരങ്ങളെ റാങ്ക് ചെയ്യുന്നതാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്.
റിപ്പോർട്ട് പ്രകാരം മുംബൈയുടെ റാങ്ക് 915 ആണ്. ഡല്‍ഹി-838, ഐ.ടി. ഹബ്ബായ ബെംഗളൂരു-847, ഹൈദരാബാദ്-882 എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് വന്‍കിട നഗരങ്ങളുടെ റാങ്ക്. എന്നാല്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് പ്രകാരം കൊച്ചിയുടെ റാങ്ക് 765 ആണ്. തൃശൂര്‍ 757ാം റാങ്കോടെ കൊച്ചിയ്ക്കും മുന്നിൽ ഇടം നേടുകയും ചെയ്തു. എന്നാൽ ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും സൂചികകളില്‍ മറ്റ് ഇന്ത്യന്‍ നഗരങ്ങളേക്കാള്‍ മുന്നിലാണ് ഡല്‍ഹിയും മുംബൈയും ബെംഗളൂരുവും. മൊത്തം റാങ്കിങ് നോക്കുമ്പോള്‍ മുംബൈ 427-ാം സ്ഥാനത്തും ഡല്‍ഹി 350-ാം സ്ഥാനത്തും ബെംഗളൂരു 411-ാം സ്ഥാനത്തുമാണ് ഉള്ളത്.
ജീവിക്കാന്‍ അനുകൂലമായ സാഹചര്യം, ആകര്‍ഷണീയത എന്നിവ പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി എന്നിവയെക്കാള്‍ മികച്ച റാങ്കാണ് കൊച്ചിക്കും തൃശ്ശൂരിനും ലഭിച്ചത്. നഗരവാസികളുടെ ക്ഷേമം, സാമ്പത്തികസ്ഥിതി, ആരോഗ്യസ്ഥിതി, സൗകര്യങ്ങളുടെ ലഭ്യത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളിലെ ജീവിതനിലവാരം ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് റാങ്ക് ചെയ്തത്. ഓക്‌സ്‌ഫോര്‍ഡ് ഇന്‍ഡക്‌സ് പ്രകാരം ലോകത്തെ ഏറ്റവും മികച്ച നഗരം യുഎസ്എയിലെ ന്യൂയോര്‍ക്ക് ആണ്. പിന്നാലെ ലണ്ടന്‍, സാന്‍ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളും റിപ്പോർട്ടിൽ ഇടംനേടിയിട്ടുണ്ട്.
Read Also: സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ പ്രതികൾക്ക് വധശിക്ഷ
Read Also: ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം