ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടം വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളിലാണ് ഇന്ന് ജനങ്ങൾ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ 13, മഹാരാഷ്ട്രയിലെ 11, പശ്ചിമ ബംഗാളിൽ 8, മധ്യപ്രദേശിൽ 8, ബീഹാറിൽ 5, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ 4 വീതവും ജമ്മു കശ്മീരിലെ ഒരു സീറ്റിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കനുസരിച്ച് 1,717 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ ചില പ്രമുഖരും ഉണ്ട്. അത് ആരൊക്കെയെന്ന് നോക്കാം:
അഖിലേഷ് യാദവ്: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ കനൗജിൽ നിന്നാണ് ജനവിധി തേടുന്നത്. മൂന്ന് തവണ ഇവിടെ നിന്ന് അദ്ദേഹം ജയിച്ച് പാർലമെന്റിൽ എത്തിയിട്ടുണ്ട്. 2019-ൽ ബിജെപി എം.പി സുബ്രതാ പഥക് വിജയിക്കുന്നതുവരെ ഈ ലോക്‌സഭാ സീറ്റ് സമാജ്‌വാദി പാർട്ടിയുടെ കോട്ടയായിരുന്നു. യാദവ് ഇത്തവണ മത്സരിക്കുന്നത് പഥക്കിനെതിരെയാണ്.
മഹുവ മൊയ്‌ത്ര: 2023 ഡിസംബറിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവാണ് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കൃഷ്ണനഗർ രാജകുടുംബത്തിലെ രാജ്മാതാ ബി.ജെ.പി നേതാവ് അമൃത റോയിയാണ് മഹുവയുടെ എതിരാളി. ഇന്ത്യൻ ബ്ലോക്കിന് വേണ്ടി സിപിഐ എമ്മിലെ എസ്എം സാദി തെരഞ്ഞെടുപ്പിൽ മത്സരിക്കും.
ഗിരിരാജ് സിംഗ്: ബിഹാറിലെ നിർണായക ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായ ബെഗുസാരായി പട്ടികജാതി (എസ്‌സി) വിഭാഗങ്ങൾക്ക് സംവരണം ചെയ്യാത്ത ഒരു ജനറൽ സീറ്റാണ്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗ് ആണ് നിലവിൽ ഇത് പ്രതിനിധീകരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സിംഗ് കനയ്യ കുമാറിനെ ഗണ്യമായ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയിരുന്നു. 2004ന് മുമ്പ് ഈ സീറ്റ് കോൺഗ്രസിൻ്റെ കോട്ടയായിരുന്നു. സിംഗിനെതിരെ ഇന്ത്യാ ബ്ലോക്ക് അവധേഷ് കുമാർ റായിയെയാണ് സംയുക്ത സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്.
.
യൂസഫ് പത്താൻ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ പശ്ചിമ ബംഗാളിലെ ബഹരംപൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അരങ്ങേറ്റം കുറിക്കുകയാണ്. കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരിയെയാണ് അദ്ദേഹം നേരിടുന്നത്. ന്യൂനപക്ഷങ്ങൾക്കാണ് ഈ സീറ്റ് സംവരണം ചെയ്തിരിക്കുന്നത്. 1999 മുതൽ ചൗധരി ഈ സീറ്റ് വഹിക്കുന്നത്.
അധീർ രഞ്ജൻ ചൗധരി: കോൺഗ്രസിൻ്റെ പശ്ചിമ ബംഗാൾ ഘടകം അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ബഹരംപൂരിൽ ആണ് മത്സരിക്കുന്നത്.1996-ൽ അദ്ദേഹം നബഗ്രാം നിയമസഭാ സീറ്റിൽ വിജയിച്ചു. തുടർന്ന് അദ്ദേഹം 1999-ൽ ബഹരംപൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. തൃണമൂൽ സ്ഥാനാർത്ഥി യൂസഫ് പത്താനെതിരേയാണ് അദ്ദേഹം മത്സരിക്കുന്നത്.
വൈഎസ് ശർമിള: മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള ആന്ധ്രാപ്രദേശിലെ കടപ്പ ലോക്‌സഭാ സീറ്റിൽ മത്സരിക്കും. 1989 മുതൽ വൈഎസ് കുടുംബത്തിൻ്റെ കോട്ടയാണ് കടപ്പ. ബന്ധുവും വൈഎസ്ആർസി എംപിയുമായ വൈഎസ് അവിനാഷ് റെഡ്ഡിയുമായാണ് ശർമിളയും മത്സരം.
അസദുദ്ദീൻ ഒവൈസി: തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.എഐഎംഐഎമ്മിൻ്റെ കോട്ടയാണ് ഇത്. 2014-ന് മുമ്പ് ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ആറ് തവണ ലോക്സഭയിൽ ഹൈദരാബാദിനെ പ്രതിനിധീകരിച്ചിരുന്നു.
അർജുൻ മുണ്ട: ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ അർജുൻ മുണ്ടയെ ജാർഖണ്ഡിൽ പട്ടികവർഗ സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്ത ഖുന്തിയിൽ ആണ് മത്സരിക്കുന്നത്. കോൺഗ്രസ് നേതാവ് കാളി ചരൺ മുണ്ടയ്‌ക്കെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അർജുൻ മുണ്ട ഈ സീറ്റിൽ വിജയിച്ചിരുന്നു.
ശത്രുഘ്നൻ സിൻഹ: ഇന്ത്യൻ സിനിമാ വ്യവസായത്തിലെ “ബിഹാരി ബാബു” എന്നറിയപ്പെടുന്ന തൃണമൂൽ സ്ഥാനാർത്ഥി ശത്രുഘ്നൻ സിൻഹ പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സുരീന്ദർജീത് സിംഗ് അലുവാലിയയെയാണ് നേരിടുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അന്ന് ബിജെപിക്കൊപ്പമുണ്ടായിരുന്ന പ്രശസ്ത ഗായകൻ ബാബുൽ സുപ്രിയോ ഈ സീറ്റ് നേടിയിരുന്നു.
മാധവി ലത: തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന്ആണ് ഇവർ ജനവിധി തേടുന്നത്. വിരിഞ്ചി ഹോസ്പിറ്റൽസ് ചെയർപേഴ്സണും സ്ത്രീകളുടെയും കുട്ടികളുടെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങൾക്കായി പോരാടുന്ന അറിയപ്പെടുന്ന ആക്ടിവിസ്റ്റാണ് മാധവി.എഐഎംഐഎം സിറ്റിംഗ് എംപി അസദുദ്ദീൻ ഒവൈസിക്കെതിരെയാണ് ലത അരങ്ങേറ്റം കുറിക്കുന്നത്.
Read More: പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി, മരിച്ചത് ചികിത്സയിലിരുന്ന രണ്ടു യുവാക്കൾ