ക്ഷേത്ര പരിസരങ്ങൾ ആയുധ പരിശീലനത്തിലും മാസ് ഡ്രില്ലിനും ഉപയോഗിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം ഉൾപ്പെടെയുള്ള പരിപാടികൾ തടഞ്ഞ ഉത്തരവ് നടപ്പാക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർക്ക് നിർദേശം നൽകി. തിരുവനന്തപുരത്തെ ശാർക്കര ദേവി ക്ഷേത്രവളപ്പ് കയ്യേറി ആർ.എസ്.എസ് ആയുധ പരിശീലനം നടത്തുന്നു എന്ന ഭക്തരായ ജി. വ്യാസൻ, കെ. വിജയകുമാർ എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.ആർ എസ് എസിന്റെ പ്രവർത്തനം ഭക്തരായ സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഭക്തരാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ക്ഷേത്ര പരിസരത്ത് നടത്തുന്ന പ്രവർത്തനം യാതൊരുവിധ അംഗീകാരവുമില്ലാതെയാണെന്നും
ക്ഷേത്രത്തിൽ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം നിലനിർത്തേണ്ടതുണ്ടെന്നും ഉച്ചത്തിലുള്ള മുദ്രവാക്യം വിളി ഇതിനെതിരാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി .സംഘടനാ പ്രവർത്തകർ ക്ഷേത്ര പരിസരത്ത് പുകയില ഉപയോഗിക്കുന്നത് സ്ത്രീകളും മുതിർന്ന പൗരൻമാർക്കും കുട്ടികളും അടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, സന്നിധാനത്തിന്റെ വിശുദ്ധിയെയും ദൈവീകതെയെയും ബാധിക്കുന്നു എന്നും ഹർജിയിൽ ഉന്നയിച്ചു . .എന്നാൽ ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നടത്തുന്നില്ലെന്നും ഈ കേസ് തീർത്തും രാഷ്ട്രീയ പ്രേരിതവും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും ആർ.എസ്.എസ് വാദിച്ചു..ക്ഷേത്രത്തിലെ ആയുധ പരിശീലനം തടയണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ ഹരജിയിൽ കൂട്ടിച്ചേർത്തു..ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2021 മാർച്ച് 30ന് ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം നിർത്തുന്നത് സംബന്ധിച്ചുള്ള ആദ്യ സർക്കുലർ പുറത്തിറക്കിയിരുന്നു.ഹരജിക്ക് പിന്നാലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായും ക്ഷേത്രത്തിന് ഗേറ്റ് സ്ഥാപിക്കണമെന്ന അപേക്ഷ മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണെന്നും അധികൃതർ അറിയിച്ചു.