വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. വയനാട് കലക്ടറുടെ ആവശ്യപ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുക അനുവദിക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളെ ചെറുക്കുന്നതിനായി പ്രൈമറി റെസ്പോൺസ് ടീമുകളെ സജ്ജരാക്കാൻ ആണ് തീരുമാനം.
റാപ്പിഡ് റെസ്പോൺസ് ടീമുകൾക്ക് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജോയിൻ സർവെയലൻസ് ടീമിന് രൂപം നൽകാനും വനം വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി ഉന്നതതല യോഗങ്ങളിൽ തീരുമാനമായിട്ടുണ്ട്. വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കാടു പിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുന്നതിന് തീരുമാനിച്ചു.
വനത്തിലൂടെ കടന്നു പോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടി തെളിച്ചു വിസ്ത ക്ലീയറന്‍സ് നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍കാലത്തു വന മേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനമായി.