കല്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ബാക്കി പത്രമായി മുണ്ടക്കൈയിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 വീടുകൾ. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 100 ലധികം വീടുകളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്. ഒറ്റ രാത്രി കൊണ്ട് നൂറു കണക്കിനാളുകളുടെ ജീവനുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്.(Wayanad landslide; There were more than 100 houses, only 30 remain)
വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ദുരന്തം നടന്നത്. ദുരന്തത്തിൽ ചൂരൽമല അങ്ങാടി പൂർണമായും തകർന്നു. നിരവധി വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. മരണം ഇതുവരെ 159 ആയി.
മുണ്ടക്കൈ മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. വയനാട്ടിലേക്ക് കൊണ്ട് വരാനായി 18 ലോറികൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ മൂന്ന് കെടാവർ ഡോഗുകളും എത്തും.