മലപ്പുറം: യൂട്യൂബ് ചാനലിൽ പരസ്യം നൽകിയില്ലെങ്കിൽ കോട്ടക്കൽ ആര്യവൈദ്യ ശാലയെ അപകീർത്തി പെടുത്തുമെന്ന് ഭീഷണിപെടുത്തിയ വ്ലോഗർ അറസ്റ്റിൽ. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷിനെയാണ് (37) ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. Vlogger arrested for threatening to defame Kottakkall Aryavaidya Shala if advertisement is not posted on YouTube channel
കഴിഞ്ഞ മെയ് 21ന് നടന്ന സംഭവത്തിലാണ് നടപടി. ഇയാൾ കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ച് കയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പരസ്യം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
‘വ്യൂ പോയന്റ് ആലപ്പുഴ’ യൂട്യൂബ് ചാനലിലെ ജീവനക്കാരനാണെന്നും അഖിലേഷ് രാമ ചൈതന്യ എന്നാണ് പേരെന്നും പരിചയപ്പെടുത്തിയായിരുന്നു ഇയാൾ ആര്യ വൈദ്യശാല പി.ആർ.ഒ ഓഫീസിൽ എത്തിയത്. ആര്യവൈദ്യശാലയുടെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ പി.ആർ.ഒയ്ക്ക് കാണിച്ചു കൊടുത്തു. സ്ഥാപനത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള ഓർഡറും ഒരു വർഷത്തേക്ക് പരസ്യത്തിനായി മൂന്ന് ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തൃപ്പൂണിത്തുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ, ആളൂർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ വിമൽ, സി.പി.ഒ അജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.