തിരുവനന്തപുരം: കടലിലെ പ്രതികൂല സാഹചര്യം മൂലം വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനം വൈകുന്നു. കപ്പൽ എത്താൻ വൈകുമെന്നതിനാൽ ആണ് ഉദ്‌ഘാടന തീയതി മാറ്റാൻ തീരുമാനിച്ചതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ഒക്ടോബർ നാലിന് ആയിരുന്നു ഉദ്‌ഘാടനം തീരുമാനിച്ചിരുന്നത്. ആദ്യ കപ്പൽ ഒക്ടോബർ 15-ന് വൈകീട്ട് നാലിന് വിഴിഞ്ഞത്ത് എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തുറമുഖത്തിന് വേണ്ട മൂന്ന് ക്രെയിനുകളുമായാണ് ചൈനീസ് കപ്പലായ ഷെൻഹുവ- 15 വിഴിഞ്ഞത്തേക്ക് എത്തുന്നത്. കമ്മീഷനിങ് അടുത്ത വർഷം മേയിൽ നിർവ്വഹിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് ഒരു ഘട്ടത്തിലും നിർമാണം മുടങ്ങിയിട്ടില്ല. ഒക്ടോബർ, നവംബർ മാസങ്ങളിൽ മറ്റ് കപ്പലുകളും ക്രെയിനുമായി എത്തും.100 മീറ്റർ ഉയരവും 60 മീറ്റർ കടലിലേക്ക് തള്ളി നിൽക്കുകയും ചെയ്യുന്ന 5600 ടൺ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ക്രെയിനുകളുമാണ് കപ്പലിൽ എത്തിക്കുന്നത്. കപ്പൽ നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളുമായി വിഴിഞ്ഞം സജ്ജമാണ് എന്നും മന്ത്രി അറിയിച്ചു.
കപ്പൽ നങ്കൂരമിടുന്നതിനു ആവശ്യമായ ബെർത്ത് നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ക്രെയിന്‍ എത്തിയ ശേഷം ബെർത്തിൽ ഉറപ്പിക്കും. ഈ ക്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും യാർഡിലെത്തുന്ന കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുക.
Also Read: ഇഡിയുടെ എതിർപ്പിന് അവഗണന; ശിവശങ്കറിന്റെ ജാമ്യം വീണ്ടും നീട്ടി