ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്
മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് പ്രഭിനെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്ക് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിനെ റിമാൻഡ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.(Vishnuja’s death case; husband remanded)
കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ചേർന്ന് ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. ഇവരുടെ വിവാഹം 2023 മെയ് മാസത്തിലാണ് നടന്നത്. എന്നാൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നതായും ആരോപണമുണ്ട്.
വിഷയത്തിൽ മൂന്നാമതൊരാള്‍ ഇടപെട്ടാല്‍ തനിക്ക് പ്രശ്നമാണെന്നും അതൊക്കെ താന്‍ തന്നെ ശരിയാക്കുമെന്നും വിഷ്ണുജ പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. അച്ഛന്‍ ഇടപെടേണ്ട കാര്യം വരുമ്പോള്‍ പറയാം എന്നാണ് പറഞ്ഞത്. എന്റെ കുട്ടിയെ മര്‍ദിക്കാറുണ്ടെന്നൊക്കെ ഇപ്പോഴാണ് അറിഞ്ഞത് എന്നും മകളെ കൊന്നതാണെന്നും പിതാവ് ആരോപിച്ചു.