ഐസിസി ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെ ആരാധകരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഇതിഹാസ ബാറ്റർ വിരാട് കോലിയെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. പകരക്കാരനായി മൂന്നാം നമ്പറിൽ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ കൊണ്ടുവരാനുമാണ് ബിസിസിഐയുടെ ആലോചന. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏകദിന ലോകകപ്പിലെ ടോപ് സ്കോറർ ആണ് വിരാട് കോലി. 20യിൽ ഇന്ത്യയുടെ മൂന്നാം നമ്പരിൽ കളിച്ചുകൊണ്ടിരുന്നതും കോലിയായിരുന്നു. എന്നാൽ നിലവിൽ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന താരത്തെയാണ് സെലക്ടർമാർ ടി20 ടീമിന്റെ മൂന്നാം നമ്പരിലേക്ക് തിരയുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ കോലിയെക്കാൾ നന്നായി ആക്രമിച്ചു കളിക്കുന്ന താരം ഇഷാൻ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ കോലിയെ തഴഞ്ഞ് പകരം ഇഷാനെ എടുക്കുകയാണെങ്കിൽ ചിലപ്പോൾ അത് വലിയ അബദ്ധമായി മാറിയേക്കാം.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മൂന്നാം നമ്പരിൽ കളിച്ച ഇഷാൻ കിഷൻ ചില നല്ല ഇന്നിങ്സുകൾ കാഴ്ച വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ടി20യിലെ റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ ഇഷാനെക്കാൾ മുൻതൂക്കം കോലിക്ക് തന്നെയാണ്. അന്താരാഷ്ട്ര ടി20ടിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഡോട്ട് ബോളുകളുടെ ശതമാനം നോക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും മോശം ഇഷാന്‍ കിഷനാണ്. 44.3 ശതമാനം ഡോട്ട് ബോളുകളാണ് താരം കളിച്ചത്. അതേസമയം ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഡോട്ട് ബോള്‍ ശരാശരിയുള്ളത് കോലിക്കാണ്. വെറും 28.1 ശതമാനം ഡോട്ട് ബോളുകള്‍ മാത്രമേ അദ്ദേഹം ടി20യില്‍ കളിച്ചിട്ടുള്ളൂ. കൂടാതെ ടി20യിലെ സ്‌ട്രൈക്ക് റേറ്റെടുത്താലും ഇഷാനേക്കാള്‍ കേമന്‍ കോലി തന്നെ. നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 137.97 ആണെങ്കില്‍ ഇഷാന്റെ സ്‌ട്രൈക്ക്‌റേറ്റ് 124.38 മാത്രമാണ്. റണ്ണുകളുടെ കാര്യത്തിൽ ആണെങ്കിലും കോലി തന്നെ മുന്നിൽ 107 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 4008 റണ്‍സാണ്. 52.73 എന്ന കിടിലന്‍ ശരാശരിയോടെയാണിത്. ഒരു സെഞ്ച്വറിയും 37 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടി20യില്‍ ഏറ്റവുമധികം ഫിഫ്റ്റികളെന്ന ലോക റെക്കോര്‍ഡും കോലിയുടെ പേരില്‍ തന്നെയാണ്.
ഈ കണക്കുകളെല്ലാം കൂട്ടി വായിച്ചാൽ എന്തുകൊണ്ടും ഇഷാനെക്കാൾ യോഗ്യത കോലിക്ക് തന്നെയാണ്. എന്നാൽ ആക്രമിച്ചു കളിക്കുന്ന ബാറ്ററെ തിരയുന്നതിനാൽ തന്നെ കോലിയെ തഴഞ്ഞ് ഇഷാന് മുൻതൂക്കം നൽകാനാണ് സാധ്യത.