കൊച്ചി: ലേബർ കാർഡിനായി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപ കണ്ടെത്തി. 30 പവന്റെ സ്വർണവും വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയിട്ടുണ്ട്. കൈക്കൂലിയായി വാങ്ങി സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്.(Vigilance seized 2.5 lakh from assistant labour commissioner’s house)
യുപി സ്വദേശിയായ അസിസ്റ്റന്റ് ലേബർ കമ്മീഷണർ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ ജീവനക്കാരനായ അജിത്കുമാർ ഇന്ന് ഉച്ചയ്ക്കാണ് പിടിയിലായത്. അജിത് കുമാറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ലേബർ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അജിത് കുമാർ വിജിലൻസിന്റെ പിടിയിലായത്. ബിപിസിഎൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് ഇയാൾ കൈപറ്റിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.