മുംബൈ: ആഡംബര വാഹനമായ ലംബോർഗിനിക്ക് തീപിടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും വാഹന പ്രേമിയുമായ ഗൗതം സിംഗാനിയ. വലിയ വില കൊടുത്ത് ആളുകൾ വാങ്ങുന്ന വാഹനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളും അദ്ദേഹം ഇതോടൊപ്പം ഉന്നയിച്ചിട്ടുണ്ട്. ഗൗതം സിംഗാനിയയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചു.
മുംബൈയിലെ കോസ്റ്റൽ റോഡിൽ ലംബോർഗിനി കാർ കത്തുന്ന ദൃശ്യങ്ങളാണ് ഗൗതം സിംഗാനിയ പോസ്റ്റ് ചെയ്തത്. രാത്രി 10.20ഓടെയായിരുന്നു ഈ അപകടമെന്നും ആർക്കും പരിക്കില്ലെന്നും പറഞ്ഞു. എന്നാൽ താൻ നേരിട്ട് കണ്ട സംഭവമാണിതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഉൾപ്പെടെ ഗൗതം സിംഗാനിയ പോസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങൾ ലംബോർഗിനിയുടെ വിശ്വാസ്യതയും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായും ഗൗതം സിംഗാനിയ പറയുന്നു.
ലംബോർഗിനി വാങ്ങാൻ കൊടുക്കുന്ന വിലയ്ക്കും കമ്പനിയുടെ പേരിനും ആളുകൾ പഴുതില്ലാത്ത സുരക്ഷയാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം ദുരന്തങ്ങളല്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.