കൊച്ചി: സംസ്ഥാനത്ത് വീട്ടുപ്രസവങ്ങളിൽ അമ്മയും കുഞ്ഞും മരണപ്പെടുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂർണമായി ആശുപത്രികളിൽ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടി. മലപ്പുറം താനൂർ സ്വദേശിയും ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭയുടെ ഹർജിയിലാണ് സർക്കാരിനോട് വിശദീകരണം തേടിയത്.
വീട്ടുപ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരണപ്പെടുന്നതും ഗുരുതരാവസ്‌ഥയിൽ ആശുപത്രികളിൽ എത്തുന്നതും മെഡിക്കൽ ഓഫീസർമാർ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്.
ജനന സർട്ടിഫിക്കറ്റിൽ പ്രസവം നടന്ന സ്‌ഥലം വീട് എന്ന് കാണിക്കുവാൻ സൗകര്യമുള്ളതു മുതലെടുത്താണ് വീട്ടുപ്രസവങ്ങൾ കൂടുതലായും നടക്കുന്നത്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി പ്രചരണം നടത്തുന്ന സംഘങ്ങളുണ്ട്.
2023 മാർച്ച് മുതൽ ഒരു വർഷം കേരളത്തിൽ 523 വീട്ടുപ്രസവങ്ങൾ നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ മാത്രം 200 വീട്ടുപ്രസവങ്ങൾ നടന്നതായി അഡ്വ. കുളത്തൂർ ജയ്‌സിങ്ങിനു വിവരാവകാശ നിയമ പ്രകാരം ആരോഗ്യ വകുപ്പു നൽകിയ മറുപടിയിൽ പറയുന്നു. സുരക്ഷിത പ്രസവം ആരോഗ്യകേന്ദ്രങ്ങളിൽ ഉറപ്പാക്കാൻ കൃത്യതയുള്ള അവബോധം ജനങ്ങളിൽ എത്തിക്കുവാൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലൂടെ കൂടുതൽ ഇടപെടലുകൾ ആവശ്യമെന്ന് ഡോ. കെ. പ്രതിഭ നൽകിയ ഹർജിയിൽ പറയുന്നു.
ആരോഗ്യകേന്ദ്രങ്ങൾ അല്ലാത്തയിടത്തും വീടുകളിലും സ്‌ത്രീകൾ പ്രസവം നടത്തുന്നത് ഒഴിവാക്കുവാൻ ഉചിത നിർദേശം സർക്കാരിന്റെ ഭാഗത്ത് നിന്ന് പുറപ്പെടുവിക്കണം. കഴിഞ്ഞ വർഷം സർക്കാരിന് നൽകിയ കത്തിൽ തീരുമാനമെടുക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം.
സംസ്‌ഥാനത്ത് നടന്ന വീട്ടുപ്രസവങ്ങളുടെയും ഇതിലൂടെ അമ്മയും കുഞ്ഞും മരിച്ചതിന്റെയും വിവരങ്ങൾ ഹർജിയിൽ ചേർത്തിട്ടുണ്ട്. ജസ്‌റ്റിസ്. എസ്. ഈശ്വരനാണ് ഇത് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടിയത്. ആർ. ഗോപൻ ഹർജിക്കാരിക്കു വേണ്ടി ഹാജരായി.