ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് 4.20നായിരുന്നു അന്ത്യം.
ബഹുമുഖ പ്രതിഭയായ ടി.ജെ.എസ് ജീവചരിത്രകാരൻ, കോളമിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്.
പത്രപ്രവർത്തനത്തിൽ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം, സ്വതന്ത്ര ഇന്ത്യയിൽ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട ആദ്യ പത്രാധിപർകൂടിയാണ്.
മജിസ്ട്രേറ്റായ തയ്യിൽ തോമസ് ജേക്കബിന്റെയും ചാച്ചിയമ്മയുടെയും മകനായി 1928 മേയ് ഏഴിന് പത്തനംതിട്ട തുമ്പമണിലാണ് തയ്യിൽ ജേക്കബ് സോണി ജോർജ് എന്ന ടി.ജെ.എസ്. ജോർജിന്റെ ജനനം.
മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം ബോംബെയിൽനിന്ന് പുറത്തിറങ്ങിയിരുന്ന പ്രശസ്തമായ ‘ഫ്രീ പ്രസ് ജേണലിൽ’ 1950ൽ മാധ്യമപ്രവർത്തകനായി ചേർന്നു.
പിന്നീട് ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ ജോലി ചെയ്തു.
ഹോങ്കോങ് ആസ്ഥാനമായ ഏഷ്യാ വീക്കിന്റെയും ബംഗളൂരുവിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ടൈംസ് ഓഫ് ഡെക്കാനിന്റെയും സ്ഥാപക എഡിറ്ററായിരുന്നു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയൽ ഉപദേശക പദവി വഹിച്ചു. 25 വർഷം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ‘പോയന്റ് ഓഫ് വ്യൂ’ എന്ന കോളം എഴുതി.
ചെന്നൈയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു.
2022 ജൂണിൽ സജീവ മാധ്യമപ്രവർത്തനത്തിൽനിന്ന് വിടവാങ്ങി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി 20 പുസ്തകങ്ങൾ രചിച്ചു.
കൃഷ്ണമേനോൻ (1964), ലീ ക്വാൻ യെവ് (1973), ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് നർഗീസ്, ദി എൻക്വയർ ഡിക്ഷണറി: ഐഡിയാസ് ഇഷ്യൂസ് ഇന്നവേഷൻസ് (1998), ദി ലെസ്സൻസ് ഇൻ ജേണലിസം-ദി സ്റ്റോറി ഓഫ് പോത്തൻ ജോസഫ് (2007), റിവോൾട്ട് ഇൻ മിൻഡാനോ: ദി റൈസ് ഓഫ് ഇസ്ലാം ഇൻ ഫിലിപ്പീൻസ് പൊളിറ്റിക്സ് (1980), ഘോഷയാത്ര, ഒറ്റയാൻ തുടങ്ങിയവയാണ് ഗ്രന്ഥങ്ങൾ.
2011ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
ഈവർഷം ജനുവരി മൂന്നിനായിരുന്നു ടി.ജെ.എസിന്റെ ഭാര്യ അമ്മു ജോർജ് എന്ന അമ്മിണി തോമസ് അന്തരിച്ചത്. സാഹിത്യകാരൻ ജീത് തയ്യിൽ, ഷീബ തയ്യിൽ എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച ബംഗളൂരു ഹെബ്ബാളിലെ വൈദ്യുത ശ്മശാനത്തിൽ.
ഇന്ത്യൻ പത്രപ്രവർത്തനത്തിന് കേരളം നൽകിയ അഭിമാനം -മുഖ്യമന്ത്രി
മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ സുപ്രധാന അധ്യായമാക്കി തന്റെ പത്രാധിപ ജീവിതത്തെ മാറ്റാൻ കഴിഞ്ഞ പ്രഗത്ഭ മാധ്യമപ്രവർത്തകനായിരുന്നു ടി.ജെ.എസ് ജോർജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളം ഇന്ത്യൻ പത്രപ്രവർത്തന രംഗത്തിനും ലോകമാധ്യമ രംഗത്തിനും നൽകിയ അഭിമാനകരമായ സംഭാവനയാണ് അദ്ദേഹം.
ഭയരഹിതവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിന് എക്കാലവും നിലകൊണ്ട പ്രമുഖ പത്രാധിപനായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥക്കാലത്തടക്കം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിലപാട് കൈക്കൊണ്ട് എന്നും ലിബറൽ ജേണലിസത്തിന്റെ ധീരനായ വക്താവായി.
സ്വാതന്ത്ര്യത്തെയും ജനാധിപത്യ ബോധത്തെയും അപകടപ്പെടുത്തുന്ന എല്ലാ പ്രവണതകൾക്കുമെതിരെ ശക്തമായി പ്രതികരിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
അനുശോചിച്ച് പ്രതിപക്ഷ നേതാവ്
കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ടി.ജെ.എസ്. ജോർജ്.
കൈയിലുള്ള പേന മൂർച്ചയുള്ള ആയുധമാണെന്ന് ഉറച്ചു വിശ്വസിച്ച നിർഭയനായ മാധ്യമപ്രവർത്തകൻ.
എഴുതാതിരിക്കാൻ കഴിയുന്നില്ലെന്നത് കൊണ്ട് വീണ്ടും വീണ്ടും എഴുതികൊണ്ടേയിരുന്ന ആളാണ് ടി.ജെ.എസ് ജോർജ്.
കാതലുള്ള എഴുത്തും കാമ്പുള്ള ആശയവുമായിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ജനസമൂഹത്തെ കാര്യമായി സ്വാധീനിച്ചു.
എണ്ണം പറഞ്ഞ മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ടി.ജെ.എസ്. ജോർജിന് വിട.ആദരാഞ്ജലികൾ.