തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതിയായ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന ആവർത്തിച്ച് പറയുന്നത്. ആശുപത്രിയിൽ വെച്ച് 45 മിനിറ്റാണ് ഷെമീനയുടെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് അഫാന്റെ പിതാവ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ലെന്നുമാണ് റഹീം പോലീസിന് മൊഴി നൽകിയത്.
സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടി അഫാന്റെ ഉമ്മ ഷെമീന ചിട്ടി നടത്തി. എന്നാൽ ഇങ്ങനെയും കുറെ പണം പോയി. കൊല്ലപ്പെട്ട ലത്തീഫിൻ്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടിയിരുന്നെങ്കിലും പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായും പൊലീസ് കണ്ടെത്തി.