തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മയുടെ മൊഴി. മകൻ ചെയ്ത ക്രൂര കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും, കട്ടിലിൽ നിന്നും വീണതാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി ഇന്നലെയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അഫാനല്ല തന്നെ ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണതാണ് തലയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നും ഷെമീന ഇന്നലെയും മൊഴി നൽകി. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നും ഷെമീന പറഞ്ഞു. പ്രതി അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കാമുകി ഫർസാനയെയും, സഹോദരൻ അഫ്സാനെയും കൊലപ്പെടുത്തിയ കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി.
പിതൃ സഹോദരനെയും, ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ അഫാനെ വിവിധയിടങ്ങളിലെത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ച് അധിക്ഷേപിച്ചതിലും, പിതൃ മാതാവിനെ സ്വർണമാല നൽകുന്നതിൽ നിന്നും വിലക്കിയതിലുമുണ്ടായ പകയാണ് പിതൃസഹോദരനായ ലത്തീഫിനെയും, ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ കാരണമെന്നാണ് അഫാൻ്റെ മൊഴി.
തെളിവെടുപ്പ് നടത്തിയ സമയത്തെല്ലാം തന്നെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ ക്രൂരതകൾ വിവരിച്ചതെന്ന് പൊലീസ് പറഞ്ഞു. ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം, പിതൃ മാതാവിനെ കൊലപ്പെടുത്തി. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയ തക്കം നോക്കി ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയിൽ പലവട്ടം അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും പ്രതി ആക്രമിച്ചു. ഭയന്ന് അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്തുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെയും, സഹോദരൻ അഫ്‌സാനെയും പ്രതി അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്.