തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. അച്ഛൻറെ സഹോദരനെയും, ഭാര്യയും കൊലപ്പെടുത്തിയ കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്.
ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിൽ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതും, പിതൃ മാതാവിന്റെ മാല കടം ചോദിച്ചത് വിലക്കിയതുമാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന്റെ കാരണമായി അഫാൻ പറഞ്ഞത്.
ഇവരുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ കുറ്റകൃത്യങ്ങൾ വിവരിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി അഫാൻ 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻ്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്.
അഫാനെ കണ്ട് ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ആ തക്കം നോക്കിയാണ് ബാഗിൽ കരുതിയ ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയ്ക്ക് അടിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സാജിതയെയും അഫാൻ ആക്രമിച്ചു.
ഭയന്ന് അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നാലെ ചെന്ന് അക്രമിച്ചതായും പ്രതി പറഞ്ഞു. കൊലയ്ക്കു ശേഷം ലത്തീഫിൻ്റെ മൊബൈലും, കാറിൻ്റെ താക്കോലും സമീപത്തെ കാട്ടിലേക്കെറിഞ്ഞ ശേഷമാണ് പ്രതി വീട്ടിലേക്ക് പോയത്. ഈ മൊബൈൽ ഫോൺ പൊലീസ് ഇന്നലെ കണ്ടെത്തി. മാത്രമല്ല ആക്രമണ സമയത്ത് ആരെങ്കിലും വന്നാൽ അവരുടെ കണ്ണിലേക്കെറിയാനായി കരുതിയ മുളക്പൊടിയും പൊലീസ് കണ്ടെടുത്തു.