കോട്ടയം: തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജി. (50) ഗുരുതര പരിക്കേറ്റ് തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.(Velankanni pilgrims from Kottayam died in Theni accident)
വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നു പുലർച്ച അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായി ലോറി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
അപകടത്തില്‍ കാർ പൂര്‍ണമായും തകര്‍ന്നു. മിനി ബസില്‍ 18ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വെത്തലഗുണ്ട്, പെരിയകുളം,തേനി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.