തിരുവനന്തപുരത്ത് വർക്കലയിൽ ഉത്സവം കണ്ടു മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി. സംഭവത്തിൽ രണ്ട് മരണം. വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഉത്സവം കണ്ട് തിരികെ നടന്നുവരുമ്പോഴായിരുന്നു അപകടം. റിക്കവറി വാഹനമാണ് അമിത വേഗതയിൽ എത്തി അപകടം ഉണ്ടാക്കിയത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
ഭക്തന്റെ വേഷത്തിലെത്തും, സ്‌കൂട്ടറിൽ തുണിയിട്ട ശേഷം
അതിവിദഗ്ദ കവർച്ച: തിരുവല്ലം സുനി പിടിയിലായത് ഇങ്ങനെ:
തിരുവല്ലത്ത് ക്ഷേത്രദർശനത്തിനെന്ന പേരിൽ ഷർട്ട് ധരിക്കാതെ തോളത്ത് തോർത്തുമിട്ട് കുറിതൊട്ട് എത്തുന്ന മോഷ്ടാവ് പിടിയിൽ. വിതുര ചേന്നംപാറ സ്വദേശി സുനിയെ(46) യാണ് തിരുവല്ലം പോലീസിലെ മഫ്തി സംഘം പിടികൂടിയത്.
ഭക്തന്റെ വേഷത്തിലെത്തി സ്‌കൂട്ടറുകളുടെ സീറ്റുകൾ കുത്തിതുറന്നാണ് ഇയാൾ പണം മോഷ്ടിക്കുന്നത്.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സ്‌കൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെ ബലിതർപ്പണത്തിനെത്തിയ നെയ്യാറ്റിൻകര സ്വദേശിയുടെ സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് ഉളളിൽ സൂക്ഷിച്ചിരുന്ന 13000 രൂപ കവർന്ന സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് വെളളിയാഴ്ചയും ശനിയാഴ്ചയും മഫ്തിയിൽ പോലീസിനെ വിന്യസിച്ചിരുന്നു. തുടർന്നാണ് കളളൻ പിടിയിലായത്.
ക്ഷേത്ര ദർശനം നടത്തിയശേഷം പുറത്തെത്തി പാർക്കുചെയ്തിരിക്കുന്ന ഏതെങ്കിലും ഒരു സ്‌കൂട്ടറിന് മുകളിൽ കൈയിലുളള വസ്ത്രങ്ങളിടും. തുടർന്ന് സ്വന്തം വാഹനം എന്ന പോലെ സീറ്റ് തുറന്ന് പണം കൈക്കലാക്കി രക്ഷപ്പെടുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ചയും തന്റെ സ്ഥിരം ശൈലിയിൽ സ്‌കൂട്ടറിൽ തുണിയിട്ടശേഷം പണം കവരാൻ ശ്രമം നടത്തി. കിട്ടാത്തത്തിനെ തുടർന്ന് മറ്റൊരു സ്‌കൂട്ടറിന് മുകളിൽ വസ്ത്രങ്ങളിട്ട് സീറ്റ് കുത്തിതുറക്കാൻ ശ്രമിക്കവെ മഫ്തിയിലുണ്ടായിരുന്ന പോലീസ് കളളനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലായിരുന്നു കഴിഞ്ഞദിവസവും പണം കവർന്നിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന താക്കോൽ കൂട്ടവും പോലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ പ്രദീപ്.ജെ.യുടെ നേത്യത്വത്തിൽ എസ്.ഐ. തോമസ് ഹീറ്റസ്, സീനീയർ സി.പി.ഒ.മാരായ വിനയകുമാർ, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.