ഡിസംബർ 20ന് നവകേരള യാത്ര തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെത്തിയപ്പോഴായിരുന്നു സഹകരണ മന്ത്രി വി.എൻ.വാസവന്റെ പിണറായി സ്തുതി. ദൈവം കേരളത്തിന് നൽകിയ വരദാനമാണ് പിണറായി എന്നായിരുന്നു വാസവന്റെ പുകഴ്ത്തൽ. കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് ദൈവമെന്ന ചോദ്യമൊക്കെ ഉയർന്നെങ്കിലും പാർട്ടി വാസവന്റെ വാക്കുകളോട് എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പക്ഷെ വിവാദ പ്രസ്താവന നടത്തി പത്ത് ദിവസം പൂർത്തിയാകുന്നതിന് മുമ്പെ പുതിയൊരു വകുപ്പ് കൂടി വാസവനെ മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പോലും അറിഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ. മന്ത്രി സജി ചെറിയാന്റെ കൈവശമുള്ള സിനിമാ വകുപ്പ് വേണമെന്ന് കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി.ഗണേഷ്കുമാറിന്റെ ആവിശ്യം മാത്രമാണ് സിപിഐഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്തത്. വകുപ്പുകളിലൊന്നും മാറ്റം വരുത്തേണ്ടതില്ലെന്ന് യോഗത്തിൽ ധാരണയാവുകയും ചെയ്തു. അതിന് ശേഷം സെക്രട്ടറിയേറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലേയ്ക്ക് പോയി. ഇതിനിടയിലാണ് തുറമുഖ വകുപ്പ് പാർട്ടി ഏറ്റെടുത്ത് വി.എൻ .വാസവനെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതെന്ന് ചില കേന്ദ്രങ്ങൾ ചൂണ്ടികാട്ടുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ , എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവരോട് രാജ്ഭവനിലേയ്ക്ക് തിരിക്കും മുമ്പ് വകുപ്പുകളിലെ മാറ്റം മുഖ്യമന്ത്രി അറിയിച്ചു. പക്ഷെ വി.കെ.വാസവനേയോ വകുപ്പ് പ്രതീക്ഷിച്ചിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയോ ഇക്കാര്യം അറിയിച്ചിരുന്നില്ല. രാജ്ഭവനിൽ നിന്നും വകുപ്പ് വിഭജിച്ച് കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്ത് വന്നപ്പോഴാണ് എല്ലാവരും മാറ്റം അറിഞ്ഞത്.
പിണറായി വിഭാഗത്തോട് കടുത്ത കൂറ് പുലർത്തുന്ന നേതാവാണ് വി.കെ.വാസവൻ. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രറിയായിരുന്ന വാസവൻ ഏറ്റ്മാനൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് എത്തിയത്. വി.എസ്.പക്ഷ നേതാവായിരുന്ന സുരേഷ് കുറുപ്പ് പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം പിണറായി വിഭാഗത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് വാസവനിലേയ്ക്ക് എത്തുന്നത്. സിപിഐഎംന്റെ ഫണ്ട് കൂടി കൈകാര്യം ചെയ്യുന്ന സഹകരണവകുപ്പ് തന്നെ വാസവനെ മുഖ്യമന്ത്രി ഏൽപ്പിച്ചു. സിപിഐഎം നേതാക്കൾ ഉൾപ്പെട്ട സഹകരണ ബാങ്ക് തട്ടിപ്പുകൾ പുറത്ത് വന്ന് പാർട്ടി പ്രതിരോധത്തിലായിട്ടും വാസവന്റെ മന്ത്രിസ്ഥാനത്തിന് ഇളക്കമൊന്നും സംഭവിച്ചില്ല. സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചുള്ള വ്യാപക ക്രമക്കേടിന്റെ അന്വേഷണ റിപ്പോർട്ടുകളും ദിനംപ്രതി മാധ്യമങ്ങൾ പുറത്ത് വിടുന്നു. പക്ഷെ പിണറായുടെ വിശ്വസ്തനായ വാസവന് പ്രശ്നം ഉണ്ടായില്ലെന്ന് മാത്രമല്ല പുതിയൊരു വകുപ്പ് കൂടി ലഭിച്ചിരിക്കുകയാണ്. സിപിഐഎം ദേശിയ തലത്തിൽ എതിർക്കുന്ന വിവാദ വ്യവസായി അദാനി നിർമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മേൽനോട്ടം വാസവനിൽ നിക്ഷിപ്തമാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിരിക്കുന്നത്.
Read More :അയോധ്യയിൽ മോദിയുടെ റോഡ് ഷോ : വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും