വടക്കുപുറത്തു പാട്ടിനെ പറ്റി കേട്ടിട്ടുണ്ടോ…വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങ്; വൈക്കത്തപ്പന്റെ മണ്ണിൽ അമ്മയാരാധനക്കിനി ദിവസങ്ങൾ മാത്രം

ദക്ഷിണകാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിൽ ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിൽ വടക്കുപുറത്തു പാട്ട് വന്നെത്തുന്നു. ഭദ്രകാളി ആരാധനയുടെ തീവ്രതയും ദേവീസ്തുതികളുടെ ഈരടികളും ആർപ്പുവിളികളുടെയും വായ്ക്കുരവയുടെയും ആരവങ്ങളും മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം.

12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട്. മാർച്ച് 17മുതൽ ഏപ്രിൽ 13വരെയാണ് കോടി അർച്ചന, ഏപ്രിൽ 2മുതൽ 13വരെ വടക്കുപുറത്ത് പാട്ട് നടത്തും. 2013 ഏപ്രിൽ മാസത്തിലാണ് അവസാനം ആഘോഷമായ വടക്കുപുറത്തുപാട്ടിനു ക്ഷേത്രം സാക്ഷ്യം വഹിച്ചത്.

ക്ഷേത്രാങ്കണത്തിന്റെ വടക്കുവശത്ത് വലിയ നെടുമ്പുര കെട്ടി ചുറ്റിലും മറച്ച് അവിടെ നടത്തുന്ന കളമെഴുത്തും പാട്ടും എഴുന്നള്ളിപ്പുമാണ് ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. കളമെഴുത്തും പാട്ടും നടത്താനുള്ള അവകാശം പുതുശേരി കുറുപ്പിന്റെ കുടുംബത്തിനാണ് വടക്കുംകൂർ രാജാവ് കൽപിച്ചു കൊടുത്തിരിക്കുന്നത്.

കൊടുങ്ങല്ലൂരമ്മയെ സ്തുതിച്ച് ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി പന്ത്രണ്ട് ദിവസം പാട്ടും, അവസാന നാൾ വടക്കുപുറത്തു ഗുരുതിയും നടത്തുന്ന ഭക്തിനിർഭരമായ ചടങ്ങാണ് വടക്കുപുറത്തു പാട്ട്. മീന മാസത്തിൽ കാർത്തിക നാളിലാണ് വടക്കുപുറത്തു പാട്ടിന്റെ ആരംഭം.

ഐതിഹ്യ പ്രകാരം വടക്കുപുറത്തു പാട്ട് തുടങ്ങുന്നതിനുള്ള കാരണം ഇപ്രകാരമാണ്. ഊരാഴ്‌മക്കാരുടെ ക്ഷേത്രഭരണകാലത്ത് നാട്ടിലുണ്ടായ പകർച്ചവ്യാധിയിൽ അനേകം പേർക്കു മരണം സംഭവിച്ചു. ക്ഷേത്രഭാരവാഹികളും നാട്ടുകാരും ഭയവിഹ്വലരായി.

കുജദോഷമാണ് കാരണമെന്നു പ്രശ്‌നവിധിയിൽ അറിവായതിനാൽ കുജന്റെ അധിദേവതയായ ഭദ്രകാളിയെ പ്രീതിപ്പെടുത്താൻ വടക്കുംകൂർ രാജാവും ക്ഷേത്രഭാരവാഹികളും നാട്ടുകാരുടെ പ്രതിനിധികളും കൊടുങ്ങല്ലൂർ ഭഗവതീക്ഷേത്രത്തിൽ ഒരു മണ്ഡലകാലം ഭജനയിരുന്നു.

ഭജനം പൂർത്തിയായ ദിവസം രാജാവിനു സ്വപ്‌നദർശനമുണ്ടായി. നാലമ്പലത്തിനു പുറത്ത് വടക്കുവശം 12 ദിവസം കളമെഴുത്തും പാട്ടും പാട്ട്‌കാലംകൂടുന്ന ദിവസം ഗുരുതിയും നടത്തിയാൽ ആപത്ത് ഒഴിയുമെന്നും 12 വർഷം കൂടുമ്പോൾ പതിവായി നടത്തിയാൽ ഈ വിധമുള്ള ആപത്ത് ഉണ്ടാവുകയില്ലെന്നുമായിരുന്നു ദർശനം.

നാൾക്കുനാൾ രോഗവും അതുമൂലമുള്ള മരണങ്ങളും വർധിച്ചപ്പോൾ നാട്ടരചനായ വടക്കുംകൂർ പ്രശ്‌നികനെ വരുത്തി പ്രതിവിധി ആരാഞ്ഞു ഭദ്രകാളി പ്രീതി മാത്രമാണ് ഇതിനു പ്രതിവിധി എന്നറിഞ്ഞ രാജാവ് ഉടൻതന്നെ കൊടുങ്ങല്ലൂരിൽ പോയി 41 ദിവസം ഭഗവതിയെ ഭജിച്ചു തന്റെ ദേശത്തെ പകർച്ച വ്യാധിയിൽ നിന്നും രക്ഷിക്കണമെന്നു പ്രാർഥിക്കുകയായിരുന്നു.

41-ാം ദിവസം രാത്രി രാജാവിന് ദേവിയുടെ ദിവ്യദർശനം ഉണ്ടായി. ”എന്നെ ഉദ്ദേശിച്ച് ഇനിമുതൽ വൈക്കം ക്ഷേത്രത്തിന്റെ മതിൽക്കകത്ത് ഒരു വ്യാഴവട്ടം കൂടുമ്പോൾ പന്ത്രണ്ടു ദിവസത്തെ കളമെഴുത്തും പാട്ടും നടത്തിയാൽ ആപത്തു നീങ്ങും പോകുമ്പോൾ തലയ്‌ക്കലിരിക്കുന്ന ഉടവാൾ കൂടി വൈക്കത്തേക്കു കൊണ്ടുപോയി കളമെഴുത്തും പാട്ടും നടക്കുന്ന അവസരത്തിൽ പ്രത്യേക പീഠത്തിൽ വച്ച് എന്നെ ഉദ്ദേശിച്ച് പൂജിക്കുകയും വേണം.

” എന്ന് ദർശനത്തിലൂടെ ദേവി അരുളിചെയ്തു. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന രാജാവ് തലയ്‌ക്കൽ ഒരു വാൾ ഇരിക്കുന്നതു കണ്ട് ആശ്ചര്യപരതന്ത്രനായി പിറ്റേദിവസം ഭജനം മുഴുമിപ്പിക്കാൻ ക്ഷേത്രത്തിലെത്തിയ രാജാവിനോടു കലി തുള്ളി വന്ന വെളിച്ചപ്പാട് ‘ഇന്നലെ സ്വപ്‌നത്തിൽ വന്നത് ഞാൻ തന്നെയാണെന്നും, ഞാൻ പറഞ്ഞതു പ്രകാരം ചെയ്താൽ ആപത്തും അനർഥവും നീങ്ങി മംഗളം ഭവിക്കും’ ‘എന്നും കൽപിച്ചു.

തൽക്ഷണം രാജാവ് ദേവിയെ തൊഴുത് സസന്തോഷം വൈക്കത്തു തിരിച്ചുവന്ന് അതിഗംഭീരമായി പന്ത്രണ്ടു ദിവസത്തെ കളമെഴുത്തും പാട്ടും നടത്തി അതോടെ മസൂരി ബാധ ദേശത്തു നിന്നും ഒഴിഞ്ഞു പോയി അന്ന് വടക്കുംകൂർ രാജാവ് തുടങ്ങിയ പതിവ് ഇന്നും ക്ഷേത്രത്തിൽ തുടർന്നു പോരുന്നു.

വടക്കുപുറത്തു പാട്ടിന്റെ പ്രധാന ചടങ്ങാണ് കളമെഴുത്ത്. പുതുശേരി കുറുപ്പന്മാരാണ് കളം വരയ്‌ക്കുന്നത്. 13 മുതൽ 16വരെ എട്ടു കൈകളിലും 17 മുതൽ 20 വരെ 16 കൈകളിലും 21 മുതൽ 23 വരെ 32 കൈകളിലും ആയുധമേന്തി പീഠത്തിലിരിക്കുന്ന ഭദ്രകാളിയുടെയും സമാപനദിവസം 64 കൈകളിലും ആയുധമേന്തി വേതാളത്തിന്റെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ വിശ്വരൂപവുമാണ് വരയ്‌ക്കുന്നത്.

അരിപ്പൊടി, മഞ്ഞപ്പൊടി, വാകപ്പൊടി, പഞ്ചവർണപ്പൊടികൾ, ഉമിക്കരി കൂടാതെ അഭ്രവും കളംവരയ്‌ക്കുന്നതിനുപയോഗിക്കും. പീഠം, വസ്‌ത്രം, പൂക്കുല, നാളികേരം, കരിക്ക്, തെങ്ങിൻചൊട്ട, വെറ്റില, പാക്ക്, പട്ട് എന്നിവയും നെല്ല്, അരി, മഞ്ഞൾ, മലർ, പൂവ് തുടങ്ങിയ സാധനങ്ങൾകൊണ്ടുള്ള പറകൾവച്ചൊരുക്കിൽപെടും.

കുരുത്തോല, വാഴക്കുല, കരിക്കിൻകുല എന്നിവകൊണ്ട് പന്തൽ അലങ്കരിക്കും. 2000 ചതുരശ്ര അടി വിസ്‌തീർണമുള്ള നെടുമ്പുരകെട്ടി അതിലാണ് വടക്കുപുറത്തു പാട്ട് നടത്തുന്നത്.

വടക്കുപുറത്തുപാട്ട് നടക്കുന്ന ദിവസങ്ങളിൽ വൈക്കം ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്കുശേഷം വടക്കേനടയിലുള്ള കൊച്ചാലിൻചുവട്ടിൽ പൂജകളും നിവേദ്യങ്ങളും കഴിഞ്ഞു ദേവിയെ എതിരേറ്റു കൊണ്ടുവരും.

പ്രത്യേകം വ്രതമെടുത്ത സ്‌ത്രീകളാണ് കുത്തുവിളക്കു പിടിക്കുന്നത്. വൈക്കത്തപ്പന്റെ അത്താഴശ്രീബലി ആദ്യ പ്രദക്ഷിണം വടക്കുവശം എത്തുന്നതോടെ ഒന്നിച്ച് ദേവി, മൂന്നു പ്രദക്ഷിണം വയ്‌ക്കും. പിന്നീട് വൈക്കത്തപ്പൻ ശ്രീകോവിലിലേക്കും ദേവി കളത്തിലേക്കും പ്രവേശിക്കും. തുടർന്ന് കുറുപ്പന്മാർ പൂജയും തിരി ഉഴിച്ചിലും നടത്തും.

വൈക്കത്തപ്പന്റെ നട അടച്ചശേഷമാണ് പാട്ട് ആരംഭിക്കുന്നത്. ഭദ്രോൽപത്തി, ദാരികവധം, കേശാ ദിപാദം, പാദാതികേശം വർണനകൾ ആണ് സ്‌തുതിക്കുന്നത്. പാട്ട് അവസാനിച്ചശേഷം പൂക്കുലകൊണ്ട് കാൽ മുതൽ മുഖം വരെയും മായ്‌ക്കും. മുഖം കൈകൊണ്ടും മായ്‌ക്കും. കളമെഴുതിയ പൊടികൾ ഭക്‌തർക്ക് പ്രസാദമായി നൽകും.

വടക്കുപുറത്തുപാട്ട് 1965ൽ പുനരാരംഭിച്ചതിന്റെ ചരിത്രം ഇങ്ങനെയാണ്. 1965 ൽ അഷ്‌ടമി ദിവസത്തിന്റെ ആറാട്ടു ദിവസം ക്ഷേത്ര കിണറ്റുപുര മാളികയ്‌ക്കു തീ പിടിക്കുകയും പകർച്ചവ്യാധി പടർന്നുപിടിക്കുകയും ചെയ്‌തു.

തുടർന്നു പ്രശസ്‌ത സംഗീതജ്‌ഞൻ പരേതനായ വൈക്കം വാസുദേവൻ നായരുടെ നേതൃത്വത്തിൽ പരേതനായ വടക്കുംകൂർ രാജരാജവർമ പരേതനായ വെട്ടിയത്ത് കോവിലകത്ത് രാജരാജവർമ്മ, പരേതനായ അരവിന്ദത്ത് മോഹനൻ പിള്ള, പരേതനായ കമീത്തറ വാസുദേവൻ, പരേതനായ പടിഞ്ഞാറെ ഇല്ലത്ത് നാരായണൻ മൂസത് തുടങ്ങിയവർ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കുവശമുള്ള ഭജനമഠത്തിൽ 12 ദിവസം ഭജനമിരുന്നു.

വടക്കു പുറത്തുപാട്ട് മുടങ്ങിയത് ദേവീകോപത്തിന് ഇടയാക്കിയെന്ന് പ്രശ്‌നവിധിയിൽ അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരിക്കുകയായിരുന്നു.

ഇതോടെ വടക്കുപുറത്തുപാട്ട് പുനരാരംഭിക്കുകയും ചെയ്‌തു. പുതുശേരി കുടുംബത്തിലെ ചെല്ലപ്പക്കുറുപ്പായിരുന്നു കളമെഴുത്ത് ആചാര്യൻ. സഹോദരൻ നാണപ്പക്കുറുപ്പാണ് കളത്തിൽ പൂജകളും മറ്റും നടത്തിയിരുന്നത്.

ചേക്കോട്ടു കുടുംബാംഗമായ എസ്.കെ. പരമേശ്വരനായിരുന്നു വെളിച്ചപ്പാട്. വടക്കുപാട്ടിനോടനുബന്ധിച്ച് അന്ന് വൈക്കത്തപ്പനു ലക്ഷാർച്ചനയാണു നടത്തിയത്. ഇത് കൊടിമരച്ചുവട്ടിൽ ബ്രാഹ്‌മണരുടെ കാർമികത്വത്തിൽ വടക്കുപുറത്തുപാട്ടു നടക്കുന്ന 12 ദിവസംകൊണ്ട് പൂർത്തിയായി.

വടക്കുപുറത്ത് പാട്ട് തുടങ്ങുന്നതിന് 41 ദിവസം മുൻപ് കൊടുങ്ങല്ലൂർ അമ്മയുടെ സാന്നിധ്യം സങ്കൽപിച്ച് പ്ലാവിന്റെ കാൽനാട്ടുകർമം. ഫെബ്രുവരി 21ന് വൈകിട്ട് 6നും 6.30നും മധ്യേയാണ് ഇത്തവണത്തെ കാൽനാട്ടുകർമം നടത്തുന്നത്.

ദിവസവും വിളക്ക് കാണുന്ന പ്ലാവിൻ തടിയിൽ അവകാശിയായ വെളിച്ചപ്പാട് വാൾ കോതി കണക്കുപ്രകാരം മുറിച്ച് നിലം തൊടാതെ ആഘോഷമായി എത്തിച്ച് പാട്ട് നടത്തുന്ന മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്തായി (വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ മുറ്റം) സ്ഥാപിക്കും.

അന്നേ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് തന്ത്രിയോ, മേൽശാന്തിയോ എത്തി കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം നിലനിർത്തുന്ന പ്ലാവിൻ തടിയെ പൂജിക്കും.

അവിടം കെട്ടിത്തിരിച്ച് കൊടുങ്ങല്ലൂരമ്മയായി സങ്കൽപിച്ച് തടിയുടെ ചുവട്ടിൽ വെളിച്ചപ്പാട് വാൾ വയ്ക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈക്കം ക്ഷേത്രത്തിലെ ശാന്തി നിവേദ്യം നൽകണം.

പ്ലാവിന്റെ കാൽനാട്ടു കർമത്തിന് മുൻപായി ഉദയനാപുരം ദേശക്കാരുടെ നേതൃത്വത്തിൽ ഉദയനാപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ ബലിക്കൽ പുരയിൽ പുതിയവിളക്ക് തെളിയിക്കും.

വടക്കുപുറത്തു പാട്ട് ചടങ്ങുകൾ അവസാനിക്കുന്നത് വരെ കെടാവിളക്കായി നിലകൊള്ളണം എന്നാണ് വിശ്വാസം. ദേശതാലപ്പൊലി ആരംഭിക്കുന്നതും ഉദയനാപുരം ക്ഷേത്രത്തിൽ നിന്നാണ്.

വിളംബരം മുഴക്കി ദേശതാലപ്പൊലി ഉദയനാപുരം ക്ഷേത്രത്തിൽ നിന്നാണ് ദേശതാലപ്പൊലിയുടെ ആരംഭം. മീനമാസത്തിലെ രേവതി നാളിൽ തൈക്കാട്ടുശേരി പുന്നക്കീഴിൽ ഭഗവതിക്ഷേത്രം, ഭരണി നാളിൽ വൈക്കത്ത് പനച്ചിക്കൽ ഭഗവതിക്ക് സമർപ്പിച്ച ശേഷം മൂത്തേടത്തുകാവ് ദേവീക്ഷേത്രം എന്നിവിടേക്കു ദേശതാലപ്പൊലി നടത്തും.

അന്നേ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2ന് ഉദയനാപുരം ക്ഷേത്രനട തുറക്കുകയും പുതിയവിളക്കിൽ നിന്ന് ആദ്യദീപം പകർന്ന് താലപ്പൊലി ആരംഭിക്കുകയും ചെയ്യും.

പുതുശ്ശേരി കുടുംബക്കാർക്കാണ് അവകാശം. വടക്കുപുറത്തു പാട്ടിന്റെ ആചാര അനുഷ്ടാനങ്ങളോട് പരിപൂർണ ബോധ്യവും കളംപൂജ, കളമെഴുത്ത്, കളംപാട്ട് എന്നിവയിൽ വൈദഗ്ധ്യവുമുള്ള ആളായിരിക്കണം ആചാര്യൻ.

പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന പഞ്ചവർണ്ണ പൊടികളാണ് കളം വരയ്ക്കാൻ ഉപയോഗിക്കുന്നത്. ആദ്യത്തെ നാല് ദിവസങ്ങളിൽ 8 കൈകളോടു കൂടിയ ഭഗവതി രൂപവും, അഞ്ചാം ദിനം മുതൽ എട്ടാം ദിനം വരെ 16 കൈകളോടു കൂടിയ ഭഗവതി രൂപവും, ഒൻപതാം ദിനം മുതൽ പതിനൊന്നാം ദിനം വരെ 32 കൈകളോടു കൂടിയ ഭഗവതി രൂപവും, അവസാന ദിനം 64 കൈകളോടുകൂടി ആയുധമേന്തിയ ഭഗവതിയുടെ വിശ്വരൂപമാണ് വരയ്ക്കുന്നത്.

നാല് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ശ്രമകരമായ ജോലിയാണ് കളം വരയ്ക്കൽ. ആദ്യ ദിനങ്ങളിൽ 10പേരും, അവസാന ദിനങ്ങളിൽ 20 പേരും ചേർന്നാണ് കളം വരയ്ക്കൽ പൂർത്തിയാക്കുന്നത്.

കളമെഴുത്തിന് എന്നപോലെ വച്ചൊരുക്കിനും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തതയുണ്ട്. അവസാന ദിനം 64 നിലവിളക്ക്, 64 നാളികേരം, 12 പറ നെല്ല്, ബാക്കി അരി, മഞ്ഞൾ പറ തുടങ്ങിയവയും ഉപയോഗിക്കുന്നു. ഉച്ചപ്പാട്ടോടെയാണ് ആദ്യദിനം ആരംഭം. കളം വരച്ച് പൂർത്തിയാക്കി വൈകിട്ടോടെ ഭക്തർക്ക് ദർശനത്തിന് അവസരം ഒരുക്കും.

വൈക്കം ക്ഷേത്രത്തിലെ അത്താഴപൂജയ്ക്കു ശേഷം കളമെഴുതിയ മണ്ഡപത്തിൽ നിന്നും എതിരേൽക്കാനായി കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് എഴുന്നള്ളിക്കും. വാളേന്തിയ വെളിച്ചപ്പാട് അകമ്പടിയേകും. വീക്കൻ, ഇലത്താളം എന്നിവയുടെ തലത്തിൽ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊച്ചാലുംചുവട്ടിലേക്ക് പോകുന്നു.

കൊച്ചാലുംചുവട്ടിൽ പന്തം, കോൽതിരി, കൈത്തിരി, തിരി എന്നിവയടങ്ങിയ പഞ്ചലങ്കാര പൂജയ്ക്ക് ശേഷം ഭഗവതിയെ എതിരേൽക്കും. വാദ്യമേളങ്ങളും വ്രതശുദ്ധിയോടെ കുത്തുവിളക്കേന്തിയ സ്ത്രീകളും അനുഗമിക്കും.

കൊടുങ്ങല്ലൂരമ്മ വടക്കേഗോപുരം കടന്ന് പ്രവേശിക്കുമ്പോൾ അത്താഴശീവേലിക്ക് എഴുന്നള്ളിയ വൈക്കത്തപ്പനുമായി ക്ഷേത്രത്തിന് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കും.

മൂന്നാമത്തെ പ്രദക്ഷിണം വടക്കുപുറത്ത് എത്തുമ്പോൾ ഭഗവതിയെ കളമെഴുതിയ മണ്ഡപത്തിൽ പീഠത്തിലേക്ക് ഇരുത്തും. ആചാര്യന്റെ നേതൃത്വത്തിൽ കളം പൂജയ്ക്ക് ശേഷം പ്രസന്ന പൂജയും കൊട്ടിപ്പാടി സേവയും ആരംഭിക്കും.

ആചാര്യൻ താംബളത്തിൽ അക്ഷതം, പൂക്കുല, പൂവ്, നെയ്യിൽ നനച്ച 9 തിരി എന്നിവ എടുത്ത് ഗുരു, ഗണപതിമാരെയും കളത്തിനും പീഠത്തിൽ ഇരിക്കുന്ന ഭഗവതിയെയും വഴിപാട് നടത്തുന്നവർ, ഭക്തജനങ്ങൾ, ക്ഷേത്ര ഉടമകൾ, നടത്തിപ്പുകാർ എന്നിവരെ ഉഴിഞ്ഞ് സമർപ്പിക്കണം.

ആചാര്യന്റെ നിർദേശപ്രകാരം എത്തിയ കുറുപ്പന്മാർക്കാണ് പാട്ടിനുള്ള നിയോഗം. ശംഖ് വിളിച്ച് വീക്കൻ, ചേങ്ങില എന്നിവയുമായി പാട്ട് ആരംഭിക്കുന്നു. പൂർവകാലത്ത് നന്തുണിയും ഉപയോഗിച്ചിരുന്നു.

വിവിധ വർണനകൾ അടങ്ങിയ ദേവീസ്തുതികളാണ് പ്രധാനമായും പാടുന്നത്.
മഹാദേവനെ സ്തുതിച്ച് പര്യവസാനിപ്പിക്കും.

തുടർന്ന് ആചാര്യൻ പൂക്കുലകൊണ്ട് കളം മായ്ക്കും. നടത്തിപ്പുകാർക്കും, ഭക്തർക്കും പ്രസാദം വിതരണം ചെയ്യും. ചടങ്ങ് പൂർത്തിയാക്കി പിറ്റേ ദിവസത്തെ കളം വരയ്ക്കാൻ ആരംഭിക്കുന്നു.

പന്ത്രണ്ടാം ദിവസം കളം മായ്ച്ച് പര്യവസാനം ചെയ്ത ശേഷം വടശ്ശേരി ഇല്ലത്തെ നമ്പൂതിരിയുടെ കാർമികത്വത്തിൽ വടക്കുപുറത്തു ഗുരുതി നടത്തും. ഗുരുതി അവസാനിക്കുന്നതോടെ വടക്കുപുറത്തു പാട്ട് പൂർത്തിയാകും.

Vadakkupurathu Paattu, a twelve-day devotional ceremony at Vaikom Mahadeva Temple, celebrates Goddess Bhadrakali with mesmerizing hymns and rituals. The festival, featuring the Koti Archana, runs from March 17th to April 13th, with the main Vadakkupurathu Paattu from April 2nd to 13th.

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

അടങ്ങുന്നില്ല, കാട്ടാനക്കലി; വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാട്ടാനകളുടെ കൊലവിളി അവസാനിക്കുന്നില്ല. വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി...

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

ഡോ. വന്ദന ദാസ് കൊലക്കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

കൊല്ലം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും....

ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്; രണ്ട് പേർക്ക് പരിക്ക്, വീടിന് തീയിട്ടു

കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം....

Other news

അറുതിയില്ലാതെ വന്യജീവി ആക്രമണങ്ങൾ; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

വയനാട്: അടിക്കടി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ നാളെ...

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം… സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്....

പുതിയ ഡിവൈഎഫ്‌ഐ നേതാവ് ഇഡ്ഡലി ശരണിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

പത്തനംതിട്ടയിലെ പുതിയ ഡിവൈഎഫ്‌ഐ നേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഇഡ്ഡലി...

കൊല്ലം പരവൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഊട്ടിയിൽ മരിച്ച നിലയിൽ

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

5 വർഷത്തിനിടെ ഭ്രാന്തൻ നായകളുടെ കടിയേറ്റത് 12,93,948 പേർക്ക്

കൊച്ചി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്....

വീ​ട്ടു​കാ​ർ പ​ള്ളി​പെ​രു​ന്നാ​ളി​ന് പോ​യി; വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു; സംഭവം പിറവത്ത്

പി​റ​വം: പി​റ​വം മ​ണീ​ടി​ന​ടു​ത്ത് നെ​ച്ചൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 30 പ​വ​ൻ സ്വ​ർ​ണ​വും...

Related Articles

Popular Categories

spot_imgspot_img