ഉത്തരാഖണ്ഡ് : തുരങ്കപാത തകർന്ന് നാൽപ്പത് പേർ കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിടുന്നു. ഇനി രണ്ട് ദിവസം കൂടി പ്രയത്നിച്ചാൽ മാത്രമേ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ കഴിയുകയുള്ളു. തുരങ്കത്തിൽ അകപ്പെട്ടവരുടെ സ്വദേശമുൾപ്പെടുന്ന വിവരങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ പുറത്ത് വിട്ടു. ഒഡീഷ സ്വദേശികളായ അഞ്ച് പേർ, ജാർഖണ്ഡിൽ നിന്നുള്ള 15 പേർ എന്നിവരെ കൂടാതെ ഉത്തർപ്രദേശിൽ നിന്ന് എട്ട്, ബീഹാറിൽ നിന്ന് നാല്, പശ്ചിമ ബംഗാളിൽ നിന്ന് മൂന്ന്, ഉത്തരാഖണ്ഡിൽ നിന്ന് രണ്ട് പേർ വീതം. അസം, ഹിമാചൽ പ്രദേശിൽ നിന്ന് ഒരാൾ വീതവും തുരങ്കത്തിനകത്ത് ഉണ്ട്. ഇവരുടെ അടുത്ത ബന്ധുക്കൾ എല്ലാം അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. ജൂണിലാണ് ടണൽ പണിയ്ക്കായി തൊഴിലാളികൾ എത്തിയത്. സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികൾ സുരക്ഷിതമായി തിരിച്ചെത്തുന്നതിന് ഉത്തരാഖണ്ഡ് സർക്കാരുമായും ദേശിയ ഹൈവേ അതോറിട്ടിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.
അപകടം
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് ജെസിബികളും ഹെവി എക്‌സ്‌കവേറ്റർ മെഷീനുകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.രാത്രി ഷിഫ്റ്റ് അവസാനിപ്പിച്ച് 50-60 ഓളം തൊഴിലാളികൾ ദീപാവലി ആഘോഷിക്കാൻ മടങ്ങുകയായിരുന്നു. ഇവർക്കിടയിലേയ്ക്ക് പുലർച്ചെ 5.30 ഓടെ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് വീണു എന്നാണ് റിപ്പോർട്ട്.ആദ്യ മണിക്കൂറുകളിൽ, ആശയവിനിമയം ഇല്ലാത്തതിനാലും സാഹചര്യത്തെക്കുറിച്ച് അറിവില്ലാത്തതും പരിഭ്രാന്തിയ്ക്ക് ഇടയാക്കി.അവശിഷ്ട്ടങ്ങൾക്കിടയിൽ നിന്ന് വാക്കി-ടോക്കി സിഗ്നലുകളും ലഭിച്ചില്ല. അർദ്ധരാത്രിയോടെ, പൈപ്പുകൾ ഉപയോഗിച്ച് ആശയവിനിമയം പുനസ്ഥാപിച്ചു.4,531 മീറ്റർ ദൈർഘ്യമുള്ള ടണൽ നിർമിക്കുന്നത് ദേശിയ പാത വികസന കോർപറേഷനാണ്.