ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്. ഏറ്റവുമൊടുവിൽ കൊച്ചിയിലും അങ്ങനെയൊരു അപകടം സംഭവിച്ച ഞെട്ടലിലാണ് കേരളം. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു ഡോക്ടർമാരുടെ ജീവനാണ് നഷ്ടമായത്. മരിച്ചവരിൽ ഒരാളുടെ ജന്മദിനം ആഘോഷിച്ചുള്ള മടക്കയാത്ര മരണത്തിലേക്കായിരുന്നു എന്നത് ഏറെ വിഷമകരം. ഗൂഗിൾ മാപ്പ് പറഞ്ഞു തരുന്ന വഴികൾ പലപ്പോഴും മരണത്തിലേക്കാണ് തള്ളി വിടുന്നത്. മഴക്കാലത്താണ് ഏറെയും അപകടങ്ങൾ സംഭവിക്കുന്നത്.
ഇക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന ഗൂഗിൾ സേവനങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്പ്. വാസ്തവത്തിൽ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു സേവനമാണിത്. സ്ഥലങ്ങൾ തമ്മിലുള്ള അകലം മനസിലാക്കാനും ഡ്രൈവർമാർക്ക് വഴി മനസിലാക്കാനും, ട്രാഫിക് കുരുക്കുണ്ടോയെന്ന് മനസിലാക്കാനും മാപ്പ് ഏറെ സഹായിക്കുന്നു. തൊട്ടടുത്ത സ്ഥലത്തേക്ക് പോകാൻ വരെ ഇപ്പോൾ ഗൂഗിൾ മാപ്പിനെയാണ് ആശ്രയിക്കുന്നത്. നമ്മുടെ സമയവും ദൂരവും ലാഭിക്കാൻ മാപ്പ് ചിലപ്പോൾ എളുപ്പ വഴികളൊക്കെ പറഞ്ഞു തരും. പക്ഷേ ചെന്നെത്തുന്നത് ഏതെങ്കിലും വീടിൻ്റെ മുറ്റത്തോ, കായൽ കരയിലോ ആയിരിക്കുമെന്നു മാത്രം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാം.
മഴക്കാലത്ത് ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
*വെള്ളപ്പൊക്കവും കനത്ത മഴയുമുള്ള നേരങ്ങളില്‍ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടും. ഇത് പക്ഷേ ഗൂഗിള്‍ മാപ്പ് പറഞ്ഞെന്നു വരില്ല.
എന്നാൽ വെള്ളപ്പൊക്കമാണെന്നും റൂട്ടിനെ അത് ബാധിക്കാമെന്നും മാപ്പില്‍ നോട്ടിഫിക്കേഷന്‍ കാണിക്കാറുണ്ട്.
*മലയോരഗ്രാമങ്ങളില്‍ വേനലില്‍ വെള്ളം കുറഞ്ഞയിടങ്ങളിലൂടെ ജീപ്പുകളടക്കം പുഴ മുറിച്ചുകടക്കും. ഇത് ഗൂഗിള്‍ മാപ്പില്‍ സെറ്റ്
ചെയ്തിട്ടുണ്ടൈങ്കില്‍ പുഴ നിറഞ്ഞൊഴുകുന്ന സമയത്തും മാപ്പ് കാണിക്കുന്നത് ഈ റൂട്ടായിരിക്കും.
*ഇന്റര്‍നെറ്റ് കുറവുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാപ്പില്‍ കൃത്യത കുറയും. ഇറങ്ങുംമുന്‍പ് ഓഫ് ലൈന്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്ത്
വെക്കണം.
*ശബ്ദനിര്‍ദേശമനുസരിച്ച് ഇടത് വലത് തിരിയുമ്പോള്‍ മാപ്പ് കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വളവുകള്‍ മാറിപ്പോകും.
*തിരക്ക് കുറവുള്ള റോഡുകളെ എളുപ്പവഴിയായി കാണിക്കാറുണ്ട്. എന്നാല്‍ ഇത് മണ്‍സൂണ്‍ കാലങ്ങളില്‍ സുരക്ഷിതമാകണമെന്നില്ല.
ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കണേ
1. യാത്രാരീതി
ഗൂഗിൾ മാപ്പിൽ യാത്രാ രീതി സെലക്ട് ചെയ്യാൻ മറക്കരുത്. ഫോർ വീലർ, ടു വീലർ, സൈക്കിൾ, കാൽനടയാത്ര, ട്രെയിൻ എന്നിങ്ങനെയുള്ള ഓപ്ഷനിൽ യാത്ര ചെയ്യുന്ന രീതി സെലക്ട് ചെയ്യണം. ബൈക്ക് പോകുന്ന വഴി ഫോർ വീലർ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം.
2. റീ റൂട്ടും റീ ഡയറക്ടും
വഴി തെറ്റിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിൾ മാപ്പ് കാണിച്ചു തരിക. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾ പോകുന്ന വഴി ആകണമെന്നില്ല.
3. ടോൾ ഒഴിവാക്കി പോകാൻ ശ്രമിക്കുന്നവർ
ഹൈവേകളിലെ ടോൾ ഒഴിവാക്കാനായി ഗൂഗിൾ മാപ്പിൽ കുറുക്കുവഴി തേടുന്നവരും ചുരുക്കമല്ല. ഇത്തരത്തിൽ അബദ്ധത്തിൽ ചാടരുത്. കുറുക്കുവഴികൾ തിരഞ്ഞെടുക്കുമ്പോൾ അവ സഞ്ചാരയോഗ്യമാണോയെന്ന് മനസിലാക്കണം.
4. ആഡ് സ്റ്റോപ്പ് ഓപ്ഷൻ ഉപയോഗിക്കുക
ഒരു സ്ഥലത്തേക്ക് പോകാനായി രണ്ടുവഴികളുണ്ടാകും. ഉദാഹരണത്തിന് തൃശൂരിൽനിന്ന് തിരുവനന്തപുരം പോകാൻ അങ്കമാലി, കോട്ടയം വഴിയും അങ്കമാലി എറണാകുളം ആലപ്പുഴ വഴിയും പോകാം. ഈ ഘട്ടത്തിൽ, ഇടയ്ക്ക് നമുക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നൽകിയാൽ, വഴി തെറ്റാതെ തന്നെ ഗൂഗിൾ മാപ്പ് ലക്ഷ്യസ്ഥാനം കാണിച്ചു തരും.
5. ജിപിഎസ് ഓണാക്കുക
ഫോണിലെ സെറ്റിങ്സിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷനും ഓഡിയോ സ്പീക്കറുകളും ആക്സസ് ചെയ്യാൻ ഗൂഗിൾ മാപ്പിനെ അനുവദിക്കുക
മാപ്പിന്റെ ഉപയോഗ രീതിയിൽ സംശയമുണ്ടോ?
ഫോണിൽ ഗൂഗിൾ മാപ്പ് ഉണ്ടെങ്കിലും അത് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ അറിയാത്തവരും ഉണ്ടാകും. വളരെ കുറച്ചു കാര്യങ്ങൾ മനസിലാക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതേ ഉള്ളൂ. അതിനായി ഇക്കാര്യങ്ങൾ നോക്കാം
1. ഫോണിൽ ഗൂഗിൾ മാപ്പ് ആപ്പ് തുറക്കുക
2. ഗൂഗിൾ മാപ്പിൽ ഒരു സ്ഥലം തിരയുക
3. താഴെ വലതുവശത്ത്, ഡയറക്ഷൻ ടാപ്പ് ചെയ്യുക. ഇനി ലക്ഷ്യസ്ഥാനം ചേർക്കാം
4. ലക്ഷ്യസ്ഥാനം ചേർക്കുന്നതിന് നിങ്ങൾ മുകളിൽ പുറപ്പെടേണ്ട സ്ഥലവും എത്തിച്ചേരേണ്ട സ്ഥലവും സെലക്ട് ചെയ്യുക
5. യാത്രാരീതി താഴെ പറയുന്നതിൽ ഒന്ന് തിരഞ്ഞെടുക്കുക
ഡ്രൈവിംഗ്
ട്രാൻസിറ്റ്
നടത്തം
റൈഡ് സേവനങ്ങൾ
സൈക്ലിംഗ്
ഇപ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ പോകാൻ സാധിക്കുന്ന വഴി കാണിച്ചുതരും
6. മറ്റ് റൂട്ടുകൾ ലഭ്യമാണെങ്കിൽ, അവയെ മാപ്പിൽ ചാരനിറത്തിൽ കാണിക്കും. ഒരു ഇതര വഴി പിന്തുടരാൻ, ചാരനിറത്തിലുള്ള വഴിയിൽ ടാപ്പുചെയ്താൽ മതി
7. നാവിഗേഷൻ ആരംഭിക്കാൻ താഴെ ഇടതു വശത്തെ സ്റ്റാർട്ട് ടാപ്പ് ചെയ്യുക. നാവിഗേഷൻ അവസാനിപ്പിക്കാൻ താഴെ ഇടതുവശത്തെ ക്ലോസ് ബട്ടൻ ടാപ്പ് ചെയ്താൽ മതി
8. പോകേണ്ട വഴി പറഞ്ഞു തരുന്ന സംവിധാനവും ഗൂഗിൾ മാപ്പിലുണ്ട്. ശബ്ദം കേട്ടുകൊണ്ട് ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇതിൽ വോളിയം ലെവൽ മാറ്റാൻ കഴിയും. നിങ്ങൾ പിന്തുടരേണ്ട ഘട്ടങ്ങൾ ഇവയൊക്കെയാണ്
ഗൂഗിൾ മാപ്പ് ആപ്പ് തുറക്കുക
മെനുവിൽ സെറ്റിങ്സ് തുറക്കുക
ഇവിടെ നാവിഗേഷൻ സെറ്റിങ്സിൽ ഗൈഡൻസ് വോളിയം സെലക്ട് ചെയ്യാം
ഇവിടെയുള്ള സോഫ്റ്റർ, നോർമൽ, ലൌഡർ ഓപ്ഷനുകളിൽ അനുയോജ്യമായത് സെലക്ട് ചെയ്യാം
സാങ്കേതിക വിദ്യകൾ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം അവയുടെ ദോഷഫലങ്ങളും വർധിക്കുന്നു. ഒരിടത്തേക്ക് യാത്ര തിരിക്കുമ്പോൾ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിക്കാതെ മറ്റുള്ളവരോടും വഴികൾ ചോദിച്ചു മനസിലാക്കാൻ ശ്രമിക്കണം. മഴക്കാലത്ത് ദീർഘ ദൂര യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇപ്പോഴത്തെ അവസ്ഥ വെച്ച് നമ്മൾ പോകുന്ന വഴിയേ തിരിച്ചു വരുമ്പോൾ അവിടെ റോഡ് ഉണ്ടായിരിക്കണമെന്നില്ല. പകരം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടാകാം. അതിനാൽ തന്നെ മനപ്പൂർവം അപകടങ്ങൾ വരുത്തി വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Read Also: ലിയോ ; ആദ്യദിന ബുക്കിങ് കേട്ട് അമ്പരന്ന് സിനിമാലോകം