യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു
വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട രണ്ട് വൈമാനികരിൽ ഒരാളെ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് സാഹസിക ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. ഇസ്രയേൽ മാധ്യമങ്ങളെയും അമേരിക്കൻ വാർത്താ ചാനലുകളെയും ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇറാനിൽ തകർന്ന യുദ്ധവിമാനത്തിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരുന്നതിന് മുമ്പ് തന്നെ ഇരുവരും പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു. ഇവരിൽ ഒരാളെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്. തിരച്ചിലിന് തടസ്സമാകാതിരിക്കാനായി ഇസ്രയേൽ ആസൂത്രണം ചെയ്തിരുന്ന ചില സൈനിക നീക്കങ്ങൾ താത്കാലികമായി മാറ്റിവെച്ചതായി സൂചനകളുണ്ട്.
ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ അമേരിക്കൻ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും തിരച്ചിൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കരൂൺ നദിക്ക് സമീപം നിരീക്ഷണം ശക്തമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ മൂന്ന് യുദ്ധവിമാനങ്ങൾ തകർന്നതായും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. എന്നാൽ അമേരിക്കൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിമാനങ്ങൾ ഇറാന്റെ ആക്രമണത്തിൽ തകർന്നതാണെന്ന അവകാശവാദം ഇറാൻ മുന്നോട്ട് വെക്കുമ്പോൾ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാണാതായ പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.
English Summary
One pilot from a crashed US fighter jet in Iran has been rescued by special forces, while search operations continue for another missing pilot amid rising tensions.








