സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ വ്യോമാക്രമണം നടത്തി യുഎസ്
ഡമാസ്കസ്: സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്.
സിറിയയിലുടനീളമുള്ള നിരവധി ഐഎസ് കേന്ദ്രങ്ങൾ പൂർണമായും തകർന്നതായാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. വ്യോമാക്രമണത്തിൽ ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം സിറിയയിൽ നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണത്തിന് പ്രതികാരമായാണ് ഇപ്പോഴത്തെ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർ എഡ്ഗർ ബ്രയാൻ ടോറസ്-ടോവർ, വില്യം നഥാനിയേൽ ഹോവാർഡ്, അയാദ് മൻസൂർ സകത്ത് എന്നിവരാണ്.
ഈ സംഭവത്തിന് ഉത്തരവാദികളായ ഭീകരസംഘടനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം ആസൂത്രണം ചെയ്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
‘‘ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ ആളുകളെ ആക്രമിച്ചാൽ, അവർ എവിടെയായാലും ഞങ്ങൾ അവരെ കണ്ടെത്തി ഇല്ലാതാക്കും’’ എന്ന് ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഐഎസിനെതിരായ ഈ ആക്രമണത്തെ ‘ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്’ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യുഎസ് പിന്നോട്ടില്ലെന്നും ലോകത്തിന്റെ ഏത് ഭാഗത്തായാലും ഭീഷണികളെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു മുൻപും യുഎസ് സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഡിസംബർ 19-ന് മധ്യ സിറിയയിലുടനീളമുള്ള 70 ഐഎസ് കേന്ദ്രങ്ങളാണ് യുഎസ് ആക്രമിച്ചത്.
വർഷങ്ങളായി സിറിയയിലെ ഐഎസിനെതിരായ പോരാട്ടത്തിൽ കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്ഡിഎഫ്) യുഎസിന്റെ പ്രധാന പങ്കാളിയായിരുന്നു.
എന്നാൽ 2024 ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയതിന് ശേഷം, സിറിയയിലെ ഔദ്യോഗിക സർക്കാരുമായി സഹകരിച്ചാണ് യുഎസ് ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നത്.
നിലവിൽ അലപ്പോയിൽ കുർദിഷ് സേനയും സിറിയൻ ഔദ്യോഗിക സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് ഐഎസിനെതിരായ യുഎസ് വ്യോമാക്രമണം നടന്നത്.
ഈ ആക്രമണം സിറിയയിലെ സുരക്ഷാ സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുമോയെന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.









